കോടതി വിധി ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടി

തിരുവനന്തപുരം: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആധാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന നിരവധി തീരുമാനങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് വിധിയെ കോടിയേരി സ്വാഗതം ചെയ്തത്.

സ്വകാര്യത ലംഘിക്കുന്ന നിയമ നിര്‍മാണം സാധ്യമാകാത്ത വിധത്തിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്നത് പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമായ സ്വകാര്യത ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധിയിലുടെ ജനാധിപത്യത്തിന് കൂടുതല്‍ ശക്തി കൈവന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

സ്വകാര്യത മൗലീകാവകാശമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്

സ്വകാര്യത മൗലികാവകാശമാണെന്നാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ഇതോടെ 1954ലെയും 1962ലെയും വിധികള്‍ അസാധുവാകുകയും ചെയ്തു. ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന നിരവധി തീരുമാനങ്ങളാണ് ബി ജെ പി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ബി ജെ പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഈ സുപ്രീംകോടതി വിധി.

ഭരണഘടനയുടെ അനുച്ഛേദം 21ന്റെ പിന്‍ബലത്തിലാണ് കോടതി ഇത്തരം ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യത ലംഘിക്കുന്ന നിയമനിര്‍മ്മാണം സാധ്യമാകാത്ത വിധത്തിലാണ് ഈ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനമെന്നത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശമായ സ്വകാര്യത ഉയര്‍ത്തിപ്പിടിക്കുന്ന ഈ സുപ്രീം കോടതി വിധിയിലൂടെ ജനാധിപത്യത്തിന് കൂടുതല്‍ അര്‍ത്ഥകാന്തി വന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *