ഹൈക്കോടതിയുടെ പരാമര്‍ശം നീക്കിയാല്‍ മന്ത്രി വിശുദ്ധയാകില്ല

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കിയത് കൊണ്ട് മാത്രം ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിശുദ്ധയാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കമ്മിഷന്‍ അംഗത്തിന്റെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന കോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മന്ത്രിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബഞ്ച് നീക്കിയിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

കമ്മിഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി നീട്ടി സര്‍ക്കാര്‍ വീണ്ടും വിജ്ഞാപനം ഇറക്കിയതിനെ ചോദ്യം ചെയ്ത് കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്‌സ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 2016 നവംബര്‍ 30 വരെയാണ് ആദ്യം തീയതി നിശ്ചയിച്ചത്. മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് തീയതി 2017 ജനുവരി 20 വരെ നീട്ടിയെന്നും ഇതു സദുദ്ദേശ്യപരമാണെന്ന് കരുതുന്നില്ലെന്നുമായിരുന്നു സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനം.

തീയതി നീട്ടിയശേഷം അപേക്ഷ നല്‍കിയ ടി.ബി. സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസര്‍കോട്) എന്നിവര്‍ക്ക് നിയമനം ലഭിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ സുരേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും ഇയാള്‍ക്ക് നിയമനം നല്‍കിയതാണ് വിമര്‍ശനത്തിനിടയാക്കിയത്. തീയതി നീട്ടിയത് പാര്‍ട്ടി പ്രവര്‍ത്തകനായ സുരേഷിനെ നിയമിക്കാനാണെന്ന് കരുതേണ്ടി വരുമെന്നും മന്ത്രിക്ക് നല്‍കിയ അധികാരങ്ങള്‍ സത്യസന്ധമായും ശരിയായുമാണ് വിനിയോഗിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

മന്ത്രിക്കെതിരായ വിമര്‍ശനം അനാവശ്യമാണെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ പരാമര്‍ശം നടത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ല. മന്ത്രിയെ കക്ഷിയാക്കുകയോ മന്ത്രിക്കു പറയാനുള്ളതു കേള്‍ക്കുകയോ ചെയ്യാതെയാണ് ഹൈക്കോടതി വിമര്‍ശനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *