മലപ്പുറം- സംസ്ഥാന സീനിയര്‍ ഫുട്ബാളിലെ ആദ്യ സെമിയില്‍ ആതിഥേയരായ മലപ്പുറത്തെ തോല്‍പ്പിച്ച് കാസര്‍ഗോഡ് ഫൈനലില്‍ കടന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കാസര്‍ഗോഡിന്റെ ജയം. ഇന്നു നടക്കുന്ന തൃശൂര്‍-കോട്ടയം സെമിഫൈനലിലെ വിജയികളുമായി കാസര്‍ഗോഡ് നാളെ ഫൈനലില്‍ ഏറ്റുമുട്ടും.ഇന്നലെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. നിലവിലെ ജേതാക്കളായ മലപ്പുറത്തിനെതിരേ ശക്തമായ ആക്രമണം കാഴ്ചവച്ചാണ് കാസര്‍ഗോഡിന്റെ വിജയം. കളിയുടെ ആദ്യനിമിഷം തന്നെ കാസര്‍ഗോഡ് മുന്നിലെത്തേണ്ടതായിരുന്നു.
കാസര്‍ഗോഡ് സ്ട്രൈക്കര്‍ മഹ്ഷൂദ് ഉയര്‍ത്തിയടിച്ച പന്ത് മലപ്പുറത്തിന്റെ ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തുപോവുകയായിരുന്നു. നാല്പത്തിയെട്ടാം മിനിറ്റില്‍ കാസര്‍ഗോഡിന്റെ കെ.വി. ജെറിന് ആണ് ആദ്യം സ്കോര്‍ ചെയ്തത്.അമ്പത്തിയൊമ്പതാം മിനിറ്റില്‍ ജെറിന് തന്നെ രണ്ടാം ഗോള്‍ നേടി. മലപ്പുറത്തിന്റെ വലതുവിംഗിലൂടെ ലഭിച്ച പന്തുമായി മുന്നേറിയ ജെറിന് ബോക്സിനടുത്തുവച്ച് ഗ്രൗണ്ട് ഷോട്ടിലൂടെയാണ് ഗോള്‍ നേടിയത്. പിന്നീട് ഇരുപക്ഷത്തിന്റെ മുന്നേറ്റങ്ങളാണുണ്ടായത്. മലപ്പുറം ആക്രമണം കൂടുതല്‍ ശക്തമാക്കി. എണ്‍പത്തിയേഴാം മിനിറ്റില്‍ മലപ്പുറത്തിന്റെ നവാസ് ഷരീഫ് ലക്ഷ്യം കണ്ടെങ്കിലും കാസര്‍ഗോഡ് പ്രതിരോധം ശക്തമാക്കി വിജയം നിലനിര്‍ത്തുകയായിരുന്നു.
