സോളാര്‍ കമ്മീഷന്റേത് റിപ്പോര്‍ട്ടല്ല, ലൈംഗിക നോവല്‍: എംഎം ഹസന്‍

കോഴിക്കോട്: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. സോളാര്‍ റിപ്പോര്‍ട്ടിനെ ലൈംഗിക നോവലായേ കണക്കാക്കാനാകൂ എന്നും കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ ഇടയില്‍ സോളാര്‍ റിപ്പോര്‍ട്ടിന് സ്ഥാനമില്ലെന്നും ഹസന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍.

കമ്മീഷന്‍ നിക്ഷ്പക്ഷമായല്ല അന്വേഷിച്ചതെന്ന് ഹസന്‍ കുറ്റപ്പെടുത്തി. സരിത പറഞ്ഞത് കമ്മീഷന്‍ കണ്ണടച്ച് വിശ്വസിച്ചു. കമ്മീഷന്‍ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് തെളിവെടുപ്പ് നടത്തിയതെന്ന് സംശയിക്കുന്നു. അധാര്‍മ്മികമായ രാഷ്ട്രീയ പ്രതികാര നടപടിയാണ് സര്‍ക്കാരിന്റേത്. കഥാ സരിതാ സാഗരമാണ് സോളാര്‍ റിപ്പോര്‍ട്ട്. ലൈംഗിക നോവലാണ് സരിതയുടെ കത്ത്. സോളാര്‍ കമ്മീഷന് സരിത കൊടുത്ത കത്തിലെ നാലു പേജുകള്‍ കെട്ടിച്ചമച്ചതാണ്. ഹസന്‍ വിമര്‍ശിച്ചു.

റവന്യൂ മന്ത്രിയുടെ വാക്കിന് പുല്ല് വില നല്‍കാതെ മുഖ്യമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണെന്ന് ഹസന്‍ കുറ്റപ്പെടുത്തി. ഏകാധിപത്യപരമായ തീരുമാനമാണിത്. അഴിമതി നടത്തിയെന്ന് വ്യക്തമായ ബോധ്യമുണ്ടായിട്ടും മൃഖ്യമന്ത്രി എന്തുകൊണ്ട് രാജി ആവശ്യപ്പെടുന്നില്ലെന്ന് ഹസന്‍ ചോദിച്ചു.

മ്യഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഭൂമി കൈയേറ്റക്കാരുടെ സംരക്ഷകനാണ് മുഖ്യമന്ത്രി. ചെകുത്താന്‍ വേദമോതുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം. ഹസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *