ഗുജറാത്ത് മോഡല്‍ ഉപകാരപ്പെട്ടത് ഒരു ശതമാനത്തിന് മാത്രം മന്‍മോഹന്‍

രാജ്‌കോട്ട്: ഗുജറാത്ത് മോഡല്‍ വികസനം സമൂഹത്തിലെ ഒരു ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഉപകാരപ്പെട്ടതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ്. 22 വര്‍ഷത്തെ ഭരണത്തിലൂടെ ബി.ജെ.പി പ്രചരിപ്പിച്ച നുണകള്‍ ഗുജറാത്തിലെ ജനങ്ങള്‍ കണ്ടതാണെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

അച്ഛാ ദിന്‍ വാഗ്ദാനങ്ങള്‍ വെറും പാഴ്‌വാക്കുകള്‍ ആയിരുന്നു. ബി.ജെ.പിയുടെ നീണ്ട 22 വര്‍ഷത്തെ ഭരണത്തിന്റെ ഫലങ്ങളാണ് നാമിപ്പോള്‍ കാണുന്നത്.  മാനവ വികസനത്തിന്റെ പല മേഖലകളിലും ഗുജറാത്ത് പിന്നാക്കം പോയി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും സംസ്ഥാനം കേരളം, തമിഴ്‌നാട്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പിറകിലുമായി.

കോണ്‍ഗ്രസ് ഭരണത്തിലൂടെയല്ലാതെ ഗുജറാത്തിനെ തിരിച്ച് കൊണ്ട് വരാന്‍ സാധ്യമല്ല. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയിലൂടെ ഗുജറാത്തിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് നരേന്ദ്ര മോദി തകര്‍ത്തത്. ഇത് രാജ്യത്തിന്റെ ജി.ഡി.പിയെ ബാധിച്ചെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനം പോലുള്ള മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജനങ്ങള്‍ക്ക് മുമ്പില്‍ പ്രസിദ്ധീകരിക്കണ?െമന്ന് ആവശ്യപ്പെട്ട മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ കൂടിയായ മന്‍മോഹന്‍ സിങ്, അഴിമതി നിവാരണത്തിന്? വേണ്ടി മോദി സര്‍ക്കാര്‍ ഒന്നു ചെയ്യുന്നില്ലെന്ന് ആരോപിച്ചു.

അതേസമയം, അയോധ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ വിസമ്മതിച്ച മന്‍മോഹന്‍ സിങ് സുപ്രീംകോടതിയുടെ കീഴിലുള്ള വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വിധി എന്താണെങ്കിലും അംഗീകരിക്കുമെന്നും വ്യക്തമാക്കി. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശത്തെ സ്വാഗതം ചെയ്ത സിങ്, രാഹുല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ഉന്നതിയിലേക്കെത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *