ആന്റിബയോട്ടിക് നയം രൂപരേഖയ്ക്ക് അംഗീകാരമായി

കൊച്ചി: സംസ്ഥാന ആന്റിബയോട്ടിക് നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന, ആന്റിബയോട്ടിക് അന്തര്‍ദേശീയ സെമിനാറിന്റെ ഉദ്ഘാടനവും നയത്തിന്റെ കരട് രൂപരേഖയുടെ പ്രകാശനവും നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം പൊതുജനാരോഗ്യരംഗത്ത് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. ആന്റിബയോട്ടിക്കുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

കൃത്യമായി രോഗനിര്‍ണ്ണയം നടത്താതെ, പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ഏത് അസുഖത്തിനും ആന്റിബയോട്ടിക്കുകള്‍ നല്‍കുക, രോഗികള്‍ അവ പൂര്‍ണ്ണമായ അളവില്‍, നിര്‍ദ്ദിഷ്ട കാലത്തോളം ഉപയോഗിക്കാതിരിക്കുക, സ്വയം ചികിത്സ എന്നിവയെല്ലാം ആരോഗ്യരംഗത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രോഗാണുക്കള്‍ക്ക് ആന്റിബയോട്ടികള്‍ക്കെതിരെ പ്രതിരോധ ശക്തി ആര്‍ജ്ജിക്കുന്നതിന് ഇവ കാരണമാകുന്നു. ബാക്ടീരിയ മൂലമുണ്ടാകുന്ന സാംക്രമികരോഗങ്ങളെ ചികിത്സിച്ചുമാറ്റാന്‍, ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് പോംവഴി എന്നിരിക്കെ, ഇവയെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയില്‍ രോഗാണുക്കള്‍ കരുത്താര്‍ജ്ജിക്കുന്നത് വലിയ ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ചികിത്സാ ചെലവ് ഗണ്യമായി വര്‍ധിക്കുന്നതിനും ആന്റിബയോട്ടിക്കുകളുടെ ആശാസ്ത്രീയമായ ഉപയോഗം കാരണമാകുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് നയരൂപീകരണം.

ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സംഘടനകളുടെ നിര്‍ദ്ദേശങ്ങളെ മുഖവിലയ്‌ക്കെടുത്തുകൊണ്ടുള്ള നയമാണ് സംസ്ഥാനത്ത് നടപ്പിലാക്കുക. ഇതോടനുബന്ധിച്ച് ചികിത്സാ മാനദണ്ഡങ്ങള്‍ കൊണ്ടുവരുമെന്നും പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റിംഗ് പോലുള്ള മോണിറ്ററിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിലെ അണുബാധ പരമാവധി കുറച്ചുകൊണ്ടുവരുന്നതിനുള്ള ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ മാന്വലും, ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന് നല്‍കിക്കൊണ്ട് മന്ത്രി പ്രകാശനം ചെയ്തു.

ആരോഗ്യകേരളം ഡയറക്ടര്‍ ജി.ആര്‍. ഗോകുല്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ഡി.എം.ഇ: ഡോ. റംലാബീവി, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഹരിപ്രസാദ്, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെമിനാറില്‍ ലണ്ടന്‍ ഇംബീരിയല്‍ കോളേജ് ഡയറക്ടര്‍ ഡോ. ആലിസണ്‍ ഹോംസ്, ഐ.സി.എം.ആര്‍ മേധാവി ഡോ. കാമിനി വാലിയ, ചെന്നൈ ഗ്ലോബല്‍ ആശുപത്രിയുടെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് മേധാവി ഡോ. സുബ്രഹ്മണ്യം, ന്യൂഡല്‍ഹിയിലെ എയിംസിന്റെ മൈക്രോബയോളജിവിഭാഗം മേധാവി ഡോ. ആര്‍തി കപില്‍, വിശിഷ്ടസേവാമെഡല്‍ ജേതാവ് കമാന്‍ഡര്‍ ഡോ. സുധീപ് നായിഡു എന്നിവരുള്‍പ്പെടെ 11 പേര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്കുശേഷം, ആരോഗ്യവകുപ്പ് സെക്രട്ടറി, സംസ്ഥാന ആന്റിബയോട്ടിക് നയത്തിന്റെ കരട് അംഗീകരിച്ചതായി അറിയിച്ചു. സെമിനാറില്‍ ആരോഗ്യമേഖലയിലെ 295 ഡോക്ടര്‍മാര്‍ പ്രതിനിധികളായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *