പത്തനംതിട്ട: ശബരിമലയില്‍ കാണിക്കയായി പണം നല്‍കരുതെന്ന സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് തിരിച്ചടി. ഇത്തവണ ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം. മണ്ഡലമഹോല്‍സവം ഒരുമാസം പിന്നിടുമ്‌ബോള്‍ നടവരവ് നൂറ്റിയിരുപത്തിനാല് കോടി കവിഞ്ഞെന്നാണ് കണക്ക്. മുന്‍വര്‍ഷത്തേക്കാള്‍ പതിനേഴുകോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍, ക്ഷേത്രങ്ങളിലെ വരുമാനം കൈക്കലാക്കുകയാണെന്ന കള്ളപ്രചാരണങ്ങളെ ഭക്തര്‍ തള്ളിക്കളഞ്ഞെന്ന് വരുമാന വര്‍ധനവ് സൂചിപ്പിക്കുന്നു.
മണ്ഡലകാലം ഒരുമാസം പിന്നിട്ടപ്പോള്‍ അരവണ വില്‍പനയിലാണ് ഏറ്റവും വലിയ വര്‍ധനവുണ്ടായത്. ഇതുവരെ അന്‍പത്തിരണ്ട് കോടിയിലധികം രൂപയുടെ അരവണ വിറ്റഴിച്ചു. ശരാശരി രണ്ടരലക്ഷം കണ്ടെയ്‌നറുകളാണ് പ്രതിദിനം ശബരിമലയില്‍ വിറ്റുപോവുക.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത് മൂന്നരലക്ഷം വരെയായി. ഭക്തജനത്തിരക്ക് കൂടിയതും, ഇരുപത് കണ്ടെയ്‌നറുകള്‍ അടങ്ങുന്ന കാര്‍ട്ടണ്‍ അവതരിപ്പിച്ചതും വില്‍പന വര്‍ധിക്കാന്‍ കാരണമായി.
കാണിക്കയനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പതുകോടി രൂപയുടെ വര്‍ധനവുണ്ട്. ഇതുവരെ നാല്‍പ്പത്തിനാലുകോടിയാണ് കാണിക്കയായി ലഭിച്ചത്. അപ്പം വില്‍പനയിലൂടെ ഒന്‍പതുകോടിയിലധികം രൂപയാണ് വരവ്. ദേവസ്വം ബോര്‍ഡിന്റെ ബുക്ക് സ്റ്റാളുകളില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രമാണ് മുന്‍ വര്‍ഷത്തക്കാള്‍ കുറവ്. സന്നിധാനത്തേയ്ക്ക് തീര്‍ഥാടകരുടെ വന്‍ പ്രവാഹമാണ് തുടരുന്നത്. മണിക്കൂറുകള്‍ നീളുന്ന ക്യൂവും ഇപ്പോഴും തുടരുന്നു.
