ആഗോളതലത്തില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 65 മാധ്യമ പ്രവര്‍ത്തകര്‍, ഞെട്ടുന്ന റിപ്പോര്‍ട്ട്

പാരീസ് : സമൂഹത്തിലെ അക്രമങ്ങളെയും,അനീതിയെയും വാക്കുകള്‍ കൊണ്ടും , എഴുത്തുകള്‍ കൊണ്ടും ചോദ്യം ചെയ്യുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍.

ഈ മാധ്യമ പ്രവര്‍ത്തകര്‍ സുരക്ഷിതരല്ലായെന്ന് തെളിയിക്കുന്ന പുതിയ കണക്കുകള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ് .

ആഗോളതലത്തില്‍ ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 65 പത്ര പ്രവര്‍ത്തകരും ,മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുമാണെന്ന് സര്‍ക്കാര്‍ ഇതര സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്ത്ഔട്ട് ബോര്‍ഡര്‍ (ആര്‍.എസ്.എഫ് ) പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ കണക്കുകള്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും , ഇത്തരത്തില്‍ കൊല്ലപ്പെട്ടവരില്‍ 50 പ്രൊഫഷണല്‍ റിപ്പോര്‍ട്ടര്‍മാരാണെന്നും ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പത്ര പ്രവര്‍ത്തകരാണ് കൊല്ലപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തില്‍ ഏറ്റവും അപകടകരമായ വിധത്തില്‍ യുദ്ധം നടക്കുന്ന സിറിയയില്‍ ആര്‍.എസ്.എഫ്.റിപ്പോര്‍ട്ട് പ്രകാരം പന്ത്രണ്ടും , മെക്‌സിക്കോയില്‍ പതിനൊന്നും റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു.

മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടവരില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജാവിയര്‍ വാല്‍ഡെസ് ഉള്‍പ്പെടുന്നുണ്ട്. മെക്‌സിക്കോയിലെ മയക്കുമരുന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ വാര്‍ത്തകള്‍ നല്‍കിയ ജാവിയറിന്റെ കൊലപതാകം രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മെക്‌സിക്കോ ഏറ്റവും ഭയാനകമായ രാജ്യമാണെന്നും, അവിടെ യുദ്ധം മൂലമല്ല മാധ്യമ പ്രവര്‍ത്തകര്‍ കൊലപ്പെടുന്നത് പകരം അഴിമതിയും , രാഷ്ട്രീയപരമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് എന്നും ആര്‍.എസ്.എഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഫിലിപ്പീന്‍സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഷ്യയിലെ ഏറ്റവും അപകടകരമായ രാജ്യമായി മാറിയിരിക്കുകയാണ്, കഴിഞ്ഞ വര്‍ഷം കുറഞ്ഞത് അഞ്ചു പത്രപ്രവര്‍ത്തകരെങ്കിലും വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്.

ആര്‍.എസ്.എഫിന്റെ കണക്കില്‍ സൂചിപ്പിക്കുന്ന 65 പേരില്‍ 39 മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി സമയത്ത് വ്യോമാക്രമണത്തിലും , ചാവേര്‍ അക്രമണത്തിലുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

അതേസമയം മരണനിരക്കില്‍ കുറവ് ഉണ്ടാകുന്നുണ്ടെന്നും യുദ്ധ മുഖത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുന്നതിനാലാണ് ഇതെന്നും ആര്‍.എസ്.എഫ് അധികൃതര്‍ പറയുന്നു.

സിറിയ, ഇറാഖ്, യമന്‍ , ലിബിയ തുടങ്ങിയ രാജ്യങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് യുദ്ധത്തിലാണ്.

ഇതില്‍ നിന്ന് വ്യത്യസ്തമായി തുര്‍ക്കിയില്‍ മിക്ക മാധ്യമ പ്രവര്‍ത്തകരും ജയിലിലാണ്. ലോകത്തില്‍ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചിരിക്കുന്നത് തുര്‍ക്കിയാണ്.

ഭരണകൂടത്തെ ചോദ്യം ചെയ്യുക , സംശയിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക , സെന്‍സിറ്റീവ് സ്രോതസുമായി ബന്ധപ്പെടുക അല്ലെങ്കില്‍ തെറ്റായ സന്ദേശങ്ങള്‍ കൈമാറുക തുടങ്ങിയ കേസുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുനത്.

ചൈനയിലും ഇതേ അവസ്ഥയാണ് തുടരുന്നത്. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്‌ബോള്‍ ചൈന ബ്ലോഗ് എഴുതുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ചൈനയില്‍ ഭരണകൂടത്തെ വിമര്‍ശിച്ചു ബ്ലോഗ് എഴുതിയവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയിട്ടുണ്ട്.

സിറിയ (24), ഇറാന്‍ (23), വിയറ്റ്‌നാം (19) എന്നിങ്ങനെയാണ് ലോക രാജ്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ കണക്കുകള്‍.

ഇന്ത്യയിലും ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം മൂന്ന് മാധ്യമ പ്രവര്‍ത്തകരെയാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *