തിരുവനന്തപുരം: കര്‍ശന ചിലവ് നിയന്ത്രണത്തിലൂടെ ധന കമ്മി കുറയ്ക്കാനുള്ള നടപടികളാകും ഇത്തവണ ബജറ്റിലുണ്ടാകുകയെന്നും പുതിയ വന്‍ പദ്ധതികളുടെ പ്രഖ്യാപനത്തിനു പകരം പ്രഖ്യാപിച്ചവ നടപ്പാക്കുന്നതിനാകും ഊന്നലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിന് പ്രത്യേക പരിഗണന ബജറ്റിലുണ്ടാകും. പാവങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കുറയ്ക്കില്ല.
ഓഖി വിതറിയ ദുരന്തത്തില്‍ നിന്നും സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തീരദേശത്തിന്റെ ആശങ്കകള്‍ പരിഗണിച്ച് സംസ്ഥാന ബജറ്റ് തയ്യാറാകുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിന് പ്രത്യേക പരിഗണനയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.
ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നിട്ടും വരുമാനം ഉയരാത്തത് ബജറ്റിന് തിരിച്ചടിയാകുന്നു. ഈ സാഹചര്യത്തില്‍ ചെലവുകളില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തി ധനകമ്മി കുറയ്ക്കാനുള്ള നടപടികളും ബജറ്റിലുണ്ടാകും.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് പ്രതീക്ഷയേകുമെന്നും മന്ത്രി പറഞ്ഞു.
