ന്യുഡല്‍ഹി: സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത പരിഹരിക്കപ്പെടുന്നുവെന്ന് സൂചന. കോടതിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പ്രശ്ന പരിഹാരത്തിന് ഉള്ള നിര്‍ദേശങ്ങള്‍ ചീഫ് ജസ്റ്റീസ് കൈമാറി. ചീഫ് ജസ്റ്റീസിന്റെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കേസുകള്‍ ബെഞ്ചുകള്‍ക്ക് വീതിച്ചുനല്കുന്നതില് എന്തെങ്കിലും മാനദണ്ഡം പാലിക്കേണ്ടതുണ്ടോ എന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഇത് രണ്ടാം തവണയാണ് ചീഫ് ജസ്റ്റീസുമായി ‘വിമത’ ജഡ്ജിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്. വാര്‍ത്താസമ്മേളനം വിളിച്ചതിനു പിന്നാലെ ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസുമായി 15 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുപ്രകാരം രൂപീകരിച്ച നിര്‍ദേശങ്ങളാണ് ഇന്ന് സമര്‍പ്പിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. പ്രശ്ന പരിഹാരത്തിന് ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ട് മധ്യസ്ഥ ശ്രമങ്ങളുമായി ജഡ്ജിമാരായ എ.കെ സിക്രി, എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഢ്, യു.യു ലളിത് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അതേസമയം, ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനം സംബന്ധിച്ച വാര്‍ത്തകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി എത്തി. ഇത് പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് വിസമ്മതിച്ചു. ഹര്‍ജി സ്വീകരിക്കാന്‍ രജിസ്ട്രീം തയ്യാറായില്ല.
കോടതി ഭരണത്തില്‍ വിമര്‍ശനം ഉന്നയിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന് മജാസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.
