ജഡ്ജി ലോയയുടെ മരണം: സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

ദില്ലി: സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. എന്‍ഐഎ യിലെയും സിബിഐയിലെയും ഉദ്യോഗസ്ഥരെ ഒഴിവാക്കി അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. രാഷ്ട്രപതിക്ക് കൈമാറാനുള്ള മൂന്ന് പേജ് നിവേദനത്തില്‍ വിവിധ പ്രതിപക്ഷ നേതാക്കള്‍ ഒപ്പിട്ടു.

സൊഹറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ കേട്ടിരുന്ന വേളയിലാണ് സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയ 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വെച്ച് മരണപ്പെട്ടത്. എന്നാല്‍ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് സ്വതന്ത്രാന്വേഷണം ആവശ്യമാണെന്നും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൊഹറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച കേസ് കേള്‍ക്കാന്‍ തുടങ്ങിയ ശേഷം വലിയ തോതിലുള്ള സമ്മര്‍ദം നേരിടുന്നതായി ജസ്റ്റിസ് ബിഎച്ച് ലോയ നാഗ്പൂരിലെ രണ്ടു വ്യക്തികളോട് പറഞ്ഞിരുന്നതായും ഈ രണ്ട് പേരും പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതായും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് കൈമാറാന്‍ മൂന്ന് പേജ് ദൈര്‍ഘ്യമുള്ള നിവേദനമാണ് തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണത്തെ കുറിച്ച് പ്രത്യേകസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രിം കോടതി വാദം കേട്ട് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *