മലപ്പുറം : അരിയില്‍ ഷുക്കൂറിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ എന്‍. ഷംസീര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തില്‍ ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടരി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടത്തിയ യഥാര്‍ത്ഥ പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഷംസീറിന് അറിയാമെന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാക്കുന്നത്. സി.പി.എം ഇത്രയും കാലമായി പറഞ്ഞിരുന്നത് സി.പി.എമ്മിന് സംഭവത്തില്‍ പങ്കില്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ കാരണമെന്നുമാണ്. സി.പി.എം നടത്തിയതാണ് കൊലപാതകം എന്ന് ഷംസീര്‍ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ പി. ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് ഷംസീറിനെ ചോദ്യം ചെയ്താല്‍ പുറത്ത് വരും.
കൊല നടത്തുക മാത്രമല്ല അത് ഏറ്റെടുക്കുക എന്ന ഭീകര സംഘടനകളുടെ ശൈലി സി.പി.എം അനുകരിക്കാന്‍ തുടങ്ങിയതിന്റെ സൂചന കൂടിയാണ് ഷംസീറിന്റെ വെളിപ്പെടുത്തലില്‍ വ്യക്തമായതെന്നും പി കെ ഫിറോസ് പറഞ്ഞു. സി.പി.എം കേരളത്തില്‍ ആരാച്ചാര്‍ പാര്‍ട്ടിയായി മാറിയിരിക്കയാണ്. പാര്‍ട്ടി നടത്തുന്ന കൊലപാതക കേസുകളില്‍ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സി.പി.എം സ്‌പെഷ്യല്‍ ഫണ്ട് സ്വരൂപിക്കുന്നതെന്നും ഇത്തരത്തില്‍ സ്വരൂപിച്ച ഫണ്ട് കണ്ട് കെട്ടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
