തൃത്താല: ഇടവേളക്കുള്ള ബെല്ലടി കേള്‍ക്കുമ്പോള്‍ അവര്‍ ആദ്യമോടിയത് സ്റ്റാഫ് റുമിന് പിന്നിലേക്കായിരുന്നു.അവിടെ അവരെ കാത്തു കിടന്നിരുന്നു,നിറമുള്ള ചോക്കുപൊട്ടുകള്‍.
മാഷുമ്മാരുടെ മുറി,കാളിച്ചേച്ചി അടിച്ചു വാരി കൂട്ടിയിരുന്നത് സ്‌കൂളിന്റെ തെക്കുവശത്തുള്ള ആ പഴയകെട്ടിടത്തിന് പിന്നിലാണ്. വെളുത്തതും വര്‍ണങ്ങളിലുള്ളതുമായ ചോക്കുപൊട്ടുകള്‍ പെറുക്കിയെടുത്ത് കുട്ടികള്‍ ക്ലാസുകളിലേക്ക് തിരിച്ചോടും. അപ്പോള്‍ ആ മുഖങ്ങളില്‍ ചിരിവിടരും. ഏറെ കാത്തിരുന്നതെന്തോ കൈവന്ന സന്തോഷം…
ആ ചോക്കു പൊട്ടുകള്‍ ഇനി അവിടെ കാണില്ല. ആ കെട്ടിടവും.
തൃത്താല ഹൈസ് സ്‌കൂളിലെ റോഡിന്റെ തെക്കേ വശത്തുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റി. വിദ്യാലയം വളരുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഇടമൊരുക്കാനായി പുതിയ കെട്ടിടം നിര്‍മിക്കുകയാണവിടെ.
പഴയ തലമുറക്ക് തിരിച്ചറിയാനാകാത്ത വിധം സ്‌കൂള്‍ മാറുകയാണ്. സ്ഥാപകന്‍ കെ.ബി.മേനോന്റെ സ്്മാരകമായാണ് ഇന്ന് ഈ വിദ്യാലയം അറിയപ്പെടുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെട്ടിരുന്ന, തൃത്താലയുടെ വിദ്യാഭ്യാസ വികാസത്തിന് അടിത്തറ പാകിയ മേനോന്‍ താമസിച്ചിരുന്ന പഴയ പാട്ടുപുര ഇന്ന് അവഗണനയിലാണ്. നിര്‍മാണജോലികള്‍ക്കെത്തിയ ബംഗാളികളാണ് അവിടെ താമസിച്ചു വരുന്നത്.
തെക്കേ വശത്തെ കെട്ടിടം പൊളിക്കുമ്പോള്‍ തലമുറകളുടെ ഓര്‍മകളുമാണ് മങ്ങുന്നത്. തൃത്താല സ്‌കൂളിലെ ഒരു കാലത്ത് ഏറ്റവും സജീവമായ ഒരു കെട്ടിടമാണ് മറഞ്ഞത്. അധ്യാപകരുടെയും അധ്യാപികമാരുടെയും സ്റ്റാഫ് റൂമുകള്‍ ഇവിടെയായിരുന്നു. വിരലിലെണ്ണാവുന്ന അധ്യാപികമാര്‍ മാത്രമുണ്ടായിരുന്ന ഒരു കാലത്ത് കെട്ടിടത്തിന്റെ പടിഞ്ഞാറെ അറ്റത്തെ നീളമേറിയ കുടുസ്സുമുറിയിലായിരുന്നു അവരുടെ ഇരിപ്പിടം. പിന്നീട് ഈ മുറി സ്‌പോര്‍ട്‌സ് റൂമായി. ഡ്രില്‍ മാഷ് പന്തും ബാറ്റും നെറ്റുകളുമെല്ലാം സൂക്ഷിച്ചിരുന്ന മുറി. തൊട്ടടുത്ത് അധ്യാപകരുടെ സൗഹാര്‍ദ്ദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമെല്ലാം സാക്ഷ്യം വഹിച്ച വലിയ സ്റ്റാഫ്‌റൂം. അതിനിടയില്‍ അറബിക് ക്ലാസിലേക്ക് വരിയായെത്തുന്ന കുട്ടികള്‍ക്കായി നിരത്തിയിട്ട ബെഞ്ചുകള്‍. തൊടുടുത്ത ഇരുട്ടു നിറഞ്ഞിരുന്ന സയന്‍സ് ലാബ്. കുറച്ചു കാലം ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിച്ചു. കഴിക്കേ അറ്റത്ത് പുസ്തകങ്ങളും സ്‌റ്റേഷനറികളുമായി അധ്യാപകര്‍ നടത്തിയിരുന്ന സ്‌കൂള്‍ സ്റ്റോര്‍.
കാഴ്ചകളിലേക്ക് മറഞ്ഞത് ചരിത്രമേറെയുള്ള കെട്ടിടം. പ്ലസ് ടുവായി വളര്‍ന്നപ്പോള്‍ സ്‌കൂളില്‍ പഴയ ഓടിട്ട ഒറ്റനിലകെട്ടിടങ്ങള്‍ മതിയാകാതെയാകുകയാണ്. എല്ലാം ബഹുനിലകള്‍ക്കായി വഴിമാറുന്നു. പഴയ തലമുറയുടെ ഓര്‍മ്മകള്‍ നിശ്ചലമാകുന്നു…
