ന്യൂ ഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടമെന്നത് ഏതെങ്കിലും മതത്തിനെതിരേയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവസമൂഹത്തെ വഴിതെറ്റിക്കുന്ന മനസ്ഥിതിയോടാണ് പോരാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്ലാമിക് ഹെറിറ്റേജ്; പ്രമോട്ടിങ് അണ്ടര്‍സ്റ്റാന്‍ഡിങ് ആന്റ് മോഡറേഷന്‍ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
എല്ലാ മതങ്ങള്‍ക്കും കളിത്തൊട്ടിലായ ഇടമാണ് ഇന്ത്യ. നൂറ്റാണ്ടുകളോളം പഴക്കമുള്ള ബഹുസ്വരതയുടെ ആഘോഷമാണ് ഇന്ത്യന്‍ ജനാധിപത്യം. എല്ലാ വിശ്വാസങ്ങളും മാനുഷികമൂല്യങ്ങളെ പുകഴ്ത്തുന്നതാണ്. അതുകൊണ്ട് തന്നെ യുവാക്കള്‍ ഇസ്ലാം മതത്തിലെ മാനുഷികതയുള്‍ക്കൊള്ളണം. ആധുനിക സാങ്കേതികതകള്‍ ഉപയോഗിക്കാനും തയ്യാറാവണം. മോദി പറഞ്ഞു.
വിശ്വാസങ്ങള്‍ മാനുഷികതയെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്ന് അബ്ദുള്ള രാജാവും അഭിപ്രായപ്പെട്ടു. വിശ്വാസം വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുകയാണ് ചെയ്യുന്നതെന്നും വിദ്വേഷം വളര്‍ത്തുന്നതിനെ ചെറുക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
