തിരൂര്‍: മലയാള ഭാഷയുടെ വികാസത്തിന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മലയാള സര്‍വകലാശാല പ്രാമുഖ്യം നല്‍കുകയെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. അനില്‍ വള്ളത്തോള്‍. വിവാദങ്ങളില്ലാതെ ഭൂമി ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളില്‍ മലയാളത്തിന്റേതായ ഒട്ടേറെ സംഭാവനകളുണ്ട്. അവ മറ്റ് ഭാഷകളിലേക്കും കൈമാറണം. പരസ്പര വിനിമയം, തര്‍ജ്ജമ, താരതമ്യ പഠനം തുടങ്ങിയവയിലൂടെയെല്ലാമാണ് ഭാഷയുടെ വികാസം സാധ്യമാക്കേണ്ടത്. സര്‍വ വിജ്ഞാനത്തിന്റെ സര്‍വ വ്യാപിയായിട്ടുള്ള വികാസം സാധ്യമാക്കുന്ന അവസ്ഥ മലയാള സര്‍വകലാശാല കൈവരിക്കണം. അതിനായി നിലവിലുളള കോഴ്‌സുകളുടെ ശരിയായ വികാസം അനുപേക്ഷണീയമാണ്.
അതിനായി കോഴ്‌സുകളെ നേര്‍വഴിയില്‍ കൊണ്ടു പോയി ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ശ്രമിക്കും. സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഭാഷയുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റ് ഗവേഷണ പ്രവര്‍ത്തനങ്ങളെ കൂടി ഏകോപിപ്പിക്കാന്‍ സാധിച്ചാല്‍ അത് വലിയ നേട്ടമാകുമെന്നും വി.സി പറഞ്ഞു.
സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെയാകും പ്രവര്‍ത്തനം. സര്‍വകലാശാലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഘട്ടം ഘട്ടമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. സര്‍വകലാശാലക്ക് അഫിലിയേറ്റഡ് കോളജുകളോ മറ്റ് പഠന കേന്ദ്രങ്ങളോ ആവശ്യമില്ല എന്ന നയമാണ് തനിക്കുമുള്ളത്. തര്‍ക്കരഹിതമായി ഭൂമി കണ്ടെത്തുന്നതിന് ജനകീയ പിന്തുണ ആവശ്യമാണെന്നും അനില്‍ വള്ളത്തോള്‍ കൂട്ടിച്ചേര്‍ത്തു.
