മലപ്പുറം: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ പിണറായി വിജയന്റെ നിലപാട് അതേ വേദിയില്‍ തള്ളി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ശത്രുവിനെതിരെ വിശാല ഐക്യമുന്നണിയാണ് വേണ്ടതെന്ന് കാനം പറഞ്ഞു. കേരളത്തിലെ സാഹചര്യം വെച്ചല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടതെന്നും കാനം പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ കൂട്ടാനാകില്ലെന്ന പിണറായിയുടെ പ്രസ്താവനയക്കാണ് കാനത്തിന്റെ മറുപടി.
സിപിഐയുടെ സംസ്ഥാനസമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ ഇടതുപക്ഷം പ്രതീക്ഷയും സാധ്യതകളും എന്ന വിഷയത്തില്‍ സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള പിണറായിയുടെയും കാനത്തിന്റെയും നിലപാടുകള്‍ ഏറ്റുമുട്ടിയത്.
ബിജെപിക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസുമായി കൂട്ടുചേരാനാകില്ലെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ചു. വര്‍ഗീയതയുമായി സന്ധി ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെതെന്നും അതിനാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മതനിരപേക്ഷതയ്ക്ക് വേണ്ടി പൊരുതുന്നുവെന്ന് പറഞ്ഞാല്‍ വിശ്വാസ്യത ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യശത്രു ബിജെപിയാണെന്ന് ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും വിലയിരുത്തിയിട്ടുണ്ട്. ശത്രുക്കള്‍ക്കെതിരെ വിശാലമായ സഖ്യമാണ് വേണ്ടത്. കേരളത്തിലെ സ്ഥിതിഗതികള്‍ മാത്രം വെച്ച് കാര്യങ്ങള്‍ വിലയിരുത്തരുത്. കേരളത്തിലെ സാഹചര്യം വെച്ചല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടത്. കാനം പറഞ്ഞു.
സെമിനാറിന്റെ തുടക്കത്തില്‍ സംസാരിച്ച പിണറായി വിജയന്‍ പാര്‍ട്ടിയുടെയും തന്റെയും നിലപാട് ശക്തമായിത്തന്നെ അവതരിപ്പിക്കുകയായിരുന്നു. സാമ്രാജ്യത്വ പ്രീണന നയങ്ങളാണ് കോണ്‍ഗ്രസിന്റേത്. വര്‍ഗീയതയുമായി സന്ധി ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് നവലിബറല്‍ നയത്തെ എതിര്‍ക്കുമെന്ന് പറഞ്ഞാല്‍ വിശ്വാസ്യത ലഭിക്കില്ല. കോണ്‍ഗ്രസുമായി ചേര്‍ന്ന് മതനിരപേക്ഷതയ്ക്ക് വേണ്ടി പൊരുതുന്നുവെന്ന് പറഞ്ഞാലും വിശ്വാസ്യത ലഭിക്കില്ല. നയങ്ങള്‍ മറന്ന് ഏച്ചുകെട്ടിയ സഖ്യമുണ്ടാക്കിയാല്‍ ജനങ്ങള്‍ അംഗീകരിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞിരിക്കുകയാണ്. ഗുജറാത്തിലെ തോല്‍വി കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിട്ടതിന്റെ തെളിവാണ്. വിശ്വാസ്യതയുടെ ബദല്‍ ഉയര്‍ത്തി വേണം ജനങ്ങളെ കൂടെക്കൂട്ടാന്‍. ആഗോളവത്കരണ, ദലിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയര്‍ന്നുവരുന്നത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
