മലപ്പുറം: വിഭാഗീയത പൊട്ടിത്തെറിയുടെ വക്കിലെത്തിയ സിപിഐ സംസ്ഥാനസമ്മേളനത്തില്‍ വന്‍ അഴിച്ചുപണിയും. കാനം പക്ഷക്കാരനായ വാഴൂര്‍ സോമനേയും ഇസ്മയില്‍ അനുകൂലിയായ എംപി അച്യുതനേയുമാണ് സംസ്ഥാനകൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത്. കണ്ട്രോള് കമ്മീഷന് ചെയര്‍മാനേയും കണ്‍വീനറേയും പുറത്താക്കി. സി ദിവാകരന് മത്സരത്തില്‍ നിന്ന് ഒഴിവായതോടെ കാനം രാജേന്ദ്രന് സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും.
കാനത്തിന്റെ വിശ്വസ്തനായ ഇടുക്കിയില്‍ നിന്നുള്ള വാഴുര്‍ സോമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഗോഡ്ഫാദര് വിവാദത്തില്‍പ്പെട്ട് തരംതാഴ്ത്തപ്പെട്ട ഇഎസ് ബിജിമോള്‍ തിരിച്ചെത്തി. മറുവശത്ത് ഇസ്മയിലിനോട് ചേര്‍ന്ന് നില്ക്കുന്ന മുന്‍ രാജ്യസഭാംഗം കൂടിയായ എംപി അച്യുതനെയും സംസ്ഥാനകൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന ക്വാട്ടയില്‍ ഇടം കിട്ടാതിരുന്ന അച്യുതനെ ജില്ലാ ഘടകവും തഴയുകയായിരുന്നു. അച്യുതന് പുറമെ തിരുവനന്തപുരത്ത് നിന്നുള്ള ജെ വേണുഗോപാലന്‍ നായരേയും സുജന പ്രിയനേയും കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.
മത്സരം നടന്ന എറണാകുളത്ത് കാനം പക്ഷക്കാരായ രണ്ട് പേരും പരാജപ്പെട്ടു. മത്സരത്തിന് കളമൊരുങ്ങിയ പാലക്കാട്ട് ഒടുവില്‍ സമവായമായി. കണ്ണൂരില്‍ നിന്നുള്ള എ പ്രദീപനെ ഒഴിവാക്കി പകരം സിപി ഷൈജന്‍ ജില്ലയില്‍ നിന്ന് സംസ്ഥാനകൗണ്‍സില്‍ എത്തി. എഐവൈഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനേയും കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.
വിവാദമായ കണ്ട്രോള് കമ്മീഷന് ചെയര്മാന് സ്ഥാനത്ത് നിന്ന് വെളിയം രാജനേയും കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എകെ ചന്ദ്രനേയും മാറ്റി. പുതിയ കമ്മീഷനെ പിന്നീട് തീരുമാനിക്കും. സമ്മേളനത്തില്‍ വെട്ടി നിരത്തല്‍ നടന്നെങ്കിലും കാനം സെക്രട്ടറി സ്ഥാനത്ത് തുടരും എന്നുറപ്പായി. കാനത്തിനെതിരെ മത്സരിക്കാനില്ലെന്ന് സി ദിവാകരന് വ്യക്തമാക്കി. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട ഇസ്മയില്‍ പക്ഷ നേതാക്കളോടാണ് ദിവാകരന് ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയിലെ ഐക്യത്തിനാണ് പ്രാധാന്യം എന്നും ദിവാകരന് അറിയിച്ചു. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ സിപിഐ സംസ്ഥാനസമ്മേളനത്തിന് കൊടി ഇറങ്ങും.
