ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ സജീവ രാഷ്ട്രീയത്തില്‍; എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റായി

കോട്ടയം: എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ രാഷ്ട്രീയരംഗത്ത് സജീവമാകുന്നു. എന്‍.സി.പി. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ചന്ദ്രമണിയമ്മയെ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. മന്ത്രി എകെ ശശീന്ദ്രന്റെ പിന്തുണയോടെയാണ് ചന്ദ്രമണിയമ്മ നേതൃസ്ഥാനത്ത് എത്തുന്നത്.

പി.കെ.ആനന്ദക്കുട്ടന്‍ ചന്ദ്രമണിയമ്മയുടെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ സാംജി പഴേപറമ്ബില്‍ പിന്താങ്ങി. തുടര്‍ന്നു ഐക്യകണ്ഠേന ജില്ലാ കമ്മിറ്റി ചന്ദ്രമണിയമ്മയെ വൈസ് പ്രസിഡന്റായി പിന്തുണച്ചു. നിലവിലെ പ്രസിഡന്റ് ടി.വി. ബേബിയെ വീണ്ടും ജില്ലാ പ്രസിഡന്റായിയും എംപി. കൃഷ്ണന്‍നായരെ ട്രഷററായും തെരഞ്ഞെടുത്തു. കോട്ടയത്തെ പ്രമുഖ നേതാവായ മാണി സി കാപ്പന്റെ നിലപാടുകളെ കോട്ടയം നേതൃത്വം അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണ് ഉഴവൂര്‍ വിജയന്റെ ഭാര്യയുടെ തെരഞ്ഞെടുപ്പ്.

ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്ന ചന്ദ്രമണിയമ്മ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ നിന്നും 2016 ലാണ് റിട്ടയര്‍ ചെയ്തത്. ഭര്‍ത്താവ് ഉഴവൂര്‍ വിജയന്‍ കേരള രാഷ്ട്രീയരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നുവെങ്കിലും രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. വിജയന്റെ മരണശേഷം എന്‍.സി.പി. പ്രവര്‍ത്തകരുടെ നിരന്തരമായ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് രാഷ്ട്രീയ പ്രവേശനത്തിനു കളമൊരുങ്ങിയത്.

ബി.എ. ബി.എഡ്.ബിരുദധാരിയായ ചന്ദ്രമണിയമ്മ പാലാ വള്ളിച്ചിറ നെടിയാമറ്റത്തില്‍ ഗോപാലന്‍നായരുടെയും സരസ്വതിയമ്മയുടെയും മകളാണ്. ഡോ. വന്ദന, വിദ്യാര്‍ത്ഥിനിയായ വര്‍ഷ എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *