വിഭാഗീയതയുടെ മുനയൊടിച്ച് സി.പി.ഐ സമ്മേളനം

മലപ്പുറം:  ചരിത്രത്തില്‍ ആദ്യമായി സി.പി.ഐ സമ്മേളനം മലപ്പുറത്ത് നടന്നപ്പോള്‍ സംഘടനക്കുള്ളിലെ വിഭാഗീയതയുടെ വെല്ലുവിളികള്‍ സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. എന്നാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ വിമത വിഭാഗത്തെ നിശ്ബ്ദരാക്കിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം സമ്മേളനത്തെ കൈപ്പിടിയിലാക്കിയത്. സി.പി.ഐ ദേശീയ എക്‌സിക്കുട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ കെ ഇ ഇസ്മായീലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കാനത്തിനെതിരെ പടയൊരുക്കം നടത്താനാണ് മലപ്പുറത്തെത്തിയത്.

എന്നാല്‍ ആദ്യ ദിനം തന്നെ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ട് ഇസ്മായിലിനെ അവര്‍ പ്രതിരോധത്തിലാക്കി. സാമ്പത്തിക ക്രമക്കേടും ആഡംബര ജീവിതവും ആരോപിച്ച് ഇസ്മായീലിനെതിരെ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ള പരാമര്‍ശങ്ങള്‍ സമ്മേളനത്തില്‍ വലിയ ചര്‍ച്ചയാക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് ആദ്യ ദിനം തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് കാനം പക്ഷത്തുള്ളവരാണെന്ന ആരോപണവും ശക്തമായി. ഇതോടെ സമ്മേളന നടപടികളില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇസ്മായില്‍ പക്ഷത്തിന് കഴിയാതെയായി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള പിന്തുണയും നഷ്ടമാവുകയായിരുന്നു.

മുന്‍ മന്ത്രി സി.ദിവാകരനെ മത്സരിപ്പിക്കാന്‍ ഇസ്മായില്‍ പക്ഷം പരമാവധി ശ്രമിച്ചെങ്കിലും പ്രതിനിധികളുടെ പിന്തുണ ഉണ്ടാവില്ലെന്നറിഞ്ഞതോടെ പിന്മാറുകയാണുണ്ടായത്. കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഭേദഗതികളില്ലാതെ അയച്ചത് ഇസ്്മായീലിനെതിരെ നടപടിയെടുക്കാന്‍ വേണ്ടിയാണെന്നും സൂചനകളുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പരാതികളുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് സമ്മേളനത്തിന് ശേഷം കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും വിഭാഗീയത പ്രകടമായിരുന്നു. എതിര്‍പക്ഷത്തുള്ളവരുടെ വിശ്വസ്തരെ കൗണ്‍സിലില്‍ നിന്നു പുറത്താക്കാന്‍ ശ്രമമുണ്ടായി. കൊല്ലം എറണാകുളം ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടന്നത് ഈ ശ്രമങ്ങളുടെ ഭാഗമാണ്. ഇസ്മായീല്‍ വിഭാഗക്കാരനും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നേതാവുമായ മുന്‍ എം പി അച്യുതന്‍, കാനം രാജേന്ദ്രന്റെ വിശ്വസ്തനായ വാഴൂര്‍ സോമന്‍ എന്നിവരെ വെട്ടി നിരത്തിയതും ഈ വിഭാഗീയതയുടെ ഫലമാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സിലില്‍ കെ ഇ ഇസ്മായീല്‍ ഉള്‍പ്പെടെയുള്ള വിമത നേതാക്കള്‍ക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. 32 പേരെയാണ് കൗണ്‍സിലിലേക്ക് നേരിട്ട് തെരഞ്ഞെടുത്തിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് ഏഴു പേരെയും കൊല്ലത്തു നിന്ന് 10 പേരെയും ആലപ്പുഴ നിന്ന് 7 പേരെയും തെരഞ്ഞെടുത്തു. തൃശൂരില്‍ നിന്ന് ആറംഗങ്ങളാണുള്ളത്.

ഇടുക്കി, എറണാകുളം ജില്ലയില്‍ നിന്ന് അഞ്ചു പേര്‍ വീതവും കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്ന് നാലു പേരും പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്ന് മൂന്നു പേരും വയനാട്, പത്തനംതിട്ട ജില്ലകളില്‍ നിന്ന് രണ്ടു പേര്‍ വീതവും സംസ്ഥാനകൗണ്‍സിലിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *