ബഹളം, ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു ; അവിശ്വാസ പ്രമേയം പരിഗണിച്ചില്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ചേര്‍ന്ന് കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയം ഇന്നും പരിഗണിച്ചില്ല. വിവിധ കാര്യങ്ങള്‍ ഉയര്‍ത്തി ഇന്നും പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടയില്‍ പ്രമേയം പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ടിഡിപിയും വൈഎസ്ആറും കൊണ്ടുവരാനിരുന്ന പ്രമേയത്തിന് പ്രതിപക്ഷത്തെ അനേകം കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് 12 മണിവരെ സഭ നിര്‍ത്തിവെച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. യുപിയിലെ ഗോരഖ്പൂര്‍, ഫൂല്‍പ്പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് സമാജ്വാദി പാര്‍ട്ടി എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭയില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മുമ്ബാകെയാണ് പ്രവീണ്‍ നിഷാദ്, നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു തവണ വിജയിച്ച മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ റെക്കോഡ് വിജയം നേടിയ മണ്ഡലങ്ങളില്‍ നിന്നുമായിരുന്നു ഇരുവരും വിജയം നേടിയത്. സമാജ്വാദി പാര്‍ട്ടിയെ ബിഎസ്പി പിന്തുണച്ചായിരുന്നു യുപിയില്‍ വന്‍ വിജയം നേടിയത്. ഗൊരഖ് പൂരില്‍ പ്രവീണ്‍ നിഷാദ് 21,881 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഫുല്‍പ്പൂരില്‍ നാഗേന്ദ്രപ്രതാപ് പട്ടേല്‍ 59,613 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് ജയിച്ചു കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *