അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍. സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നോട്ടീസ് നല്‍കിയത്. ഇത്തരത്തിലുള്ള 1585 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു പോകാവുന്ന ദൂരത്ത് സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. എന്നിട്ടും അനിയന്ത്രിതമായി സ്വകാര്യ സ്‌കൂളുകള്‍ തുറക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചില സ്‌കൂളുകള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ പൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.

നിയമസഭയില്‍ ഇത് സംബന്ധിച്ച് കെ.എന്‍.എ ഖാദര്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിഷയത്തില്‍ മന്ത്രി മറുപടി പറഞ്ഞതോടെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കിയില്ല.

അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ച് പൂട്ടുന്നത് മൂലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതോടെ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാവുമെന്നും 25000 അധ്യാപകര്‍ വഴിയാധാരമാകുമെന്നും കെ.എന്‍.എ ഖാദര്‍ അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ക്ക് അംഗീകാരം നേടിയെടുക്കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *