മ്യാന്‍മര്‍ പ്രസിഡന്‍റ്​ ഹിതിന്‍ ക്യാവ് രാജിവെച്ചു

യാങ്കൂണ്‍: മ്യാന്‍മര്‍ പ്രസിഡന്‍റ്​ ഹിതിന്‍ ക്യാവ് രാജിവെച്ചു. രാജിയുടെ കാരണം വ്യക്​തമാക്കിയിട്ടില്ല. എങ്കിലും റോഹിങ്ക്യന്‍ വിഷയത്തില്‍ അന്താരാഷ്ട്രതലത്തില്‍ നിന്ന് വന്‍വിമര്‍ശനം ഏറ്റുവാങ്ങിയതാണ് രാജിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ്​ പ്രസിഡന്‍റ്​ മിയിന്‍റ്​ സ്യൂ പ്രസിഡന്റിന്റെ ചുമതല വഹിക്കും. രാജ്യത്തിന്റെ ഭരണഘടനപ്രകാരം ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണം.

71കാരനായ ഹിതിന്‍ ക്യാവിന് വിശ്രമം ആവശ്യമാണെന്നും അതിനാലാണ് രാജിവച്ചതെന്നുമാണ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട സൈനിക ഭരണത്തിന് വിരാമമിട്ട് 2015 ല്‍ മ്യാന്‍മറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആംഗ് സാന്‍ സൂകിയുടെ പാര്‍ട്ടിയായനാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) അധികാരത്തിലെത്തുകയായിരുന്നു. രാജ്യത്തിന്റെ ഭരണഘടന പ്രകാരം വിദേശപൗരത്വമുള്ള പങ്കാളിയോ മക്കളോ ഉള്ളയാള്‍ക്ക് മ്യന്‍മാര്‍ പ്രസിഡന്റാകാന്‍ കഴിയാത്തതിനാല്‍ സൂകി, തന്റെ വിശ്വസ്തന്‍ ഹിതിന്‍ ക്യാവിനെ പ്രസിഡന്റായി നിയമിക്കുകയായിരുന്നു.

മ്യാന്മര്‍ ഭരണഘടനപ്രകാരം വിദേശപൗരത്വമുള്ള അടുത്ത ബന്ധുക്കള്‍ ഉള്ളയാള്‍ക്ക് രാജ്യത്തിന്റെ ഭരണത്തലപ്പത്ത് എത്താന്‍ കഴിയില്ല. ബ്രിട്ടീഷ് പൗരത്വമുള്ള മൈക്കിള്‍ ആരിസ് ആയിരുന്നു സൂകിയുടെ ഭര്‍ത്താവ്. 1999 -ല്‍ ഇദ്ദേഹം അന്തരിച്ചിരുന്നു. സൂകിയുടെ മക്കളും വിദേശത്താണ്.വിദേശപൗരത്വമുള്ളവരാണ്. ഇതേതുടര്‍ന്നാണ് സൂകി, തന്റെ വിശ്വസ്തനായ ഹിതിന്‍ ക്യാവിനെ നിയമിച്ചത്. പ്രസിഡന്റായി തന്നെ നിയോഗിച്ചതിന് പകരമായി ഹിതിന്‍ ക്യാവ്, പ്രധാനമന്ത്രിയുടെ പദവിക്ക് തുല്യമായ സ്റ്റേറ്റ് കൗണ്‍സിലര്‍ പദവി സൃഷ്ടിച്ച്‌ ഇതില്‍ സുകിയെ നിയമിക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *