കുഞ്ഞനന്തന്റെ മോചനം: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പികെ കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം നടക്കുന്നതു സംബന്ധിച്ച്‌ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. രാഷ്ട്രീയ വിവേചനമോ സര്‍ക്കാര്‍ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 70 വയസ്സു കഴിഞ്ഞ തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച്‌ അലക്സാണ്ടര്‍ ജേക്കബ് കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച്‌ 59 പേരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഇത് നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം സത്യപ്രതിജ്ഞാ ലംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണത്തിനു നേരെ മുഖ്യമന്ത്രി സ്വീകരിക്കുന്ന മൗനം സൂചിപ്പിക്കുന്നത് കുഞ്ഞനന്തന്‍ താമസിയാതെ പുറത്തുവരാനിടയുണ്ടെന്നാണ്. സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം നിയമപരമായി നേരിടും.

നിയമവിരുദ്ധമായ കാര്യമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഈ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സഭയില്‍നിന്ന് ഇറങ്ങിപ്പോയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *