കൊലപാതകക്കേസില്‍ 20 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ആര്‍എസ്എസുകാരന്‍ പിടിയിലായി

തിരൂര്‍: മതം മാറിയ വൈരാഗ്യത്തിന് തിരൂരില്‍ യാസിര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില ആര്‍എസ്‌എസ് പ്രവര്‍ത്തകനും പ്രതിയുമായ സുരേന്ദ്രന്‍ പിടിയിലായത് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ എത്തിയപ്പോള്‍. 20 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പുറത്തൂര്‍ പുതുപ്പള്ളി സ്വദേശി ചന്ദനപറമ്ബില്‍ സുരേന്ദ്രനെ(45)കഴിഞ്ഞ ദിവസമാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ നാലാം പ്രതിയായ സുരേന്ദ്രന്‍ കുടകിലും മറ്റുമായി ഒളിവിലായിരുന്നു. 1998ലാണ് കേസിനാസ്പദമായ സംഭവം. ഓട്ടോഡ്രൈവറായിരുന്ന അയ്യപ്പന്‍ മുസ്ളീമായി മതം മാറുകയും യാസിര്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഇതിന് ശേഷം കുടുംബസമേതം പയ്യനങ്ങാടിയില്‍ താമസിച്ച വരികയായിരുന്നു. സംഭവ ദിവസം യാസിറും മറ്റൊരു മതംമാറിയയാളും സുഹൃത്തുമായ അബ്ദുല്‍ അസീസും വീട്ടിലേക്ക് വരുമ്ബോള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

മുസ്ലീമായി മതം മാറിയ ഇയാള്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് ആക്രമിച്ചത്. യാസിര്‍ വെട്ടേറ്റ് മരിക്കുകയും അസീസിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. കേസില്‍ ആറു പേരായിരുന്നു പ്രതികള്‍. ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. നാലു പേര്‍ കുറ്റവിമുക്തരാകുകയും ചെയ്തു. ഇവരെ ആദ്യം മഞ്ചേരി കോടതി വെറുതേ വിടുകയും പിന്നീട് ഹൈക്കോടതി കുറ്റവാളികളാണെന്ന് കണ്ടെത്തുകയും അതിന് ശേഷം സമര്‍പ്പിക്കപ്പെട്ട അപ്പീലില്‍ സുപ്രീംകോടതി വീണ്ടും പ്രതികളെ വെറുതെ വിടുകയുമായിരുന്നു.

കേസില്‍ അറസ്റ്റിലാവുമെന്നറിഞ്ഞ് നാലാം പ്രതി സുരേന്ദ്രന്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് തിരിച്ചെത്തി എറെ കാലം കുടകില്‍ കഴിഞ്ഞു. സുരേന്ദ്രനെ അന്വേഷിച്ച്‌ പോലീസ് കുടകില്‍ പോയെങ്കിലും പിടികൂടാനായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ സുരേന്ദ്രനെ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി എത്തിയപ്പോള്‍ സുരേന്ദ്രന്‍ പോലീസിന്റെ പിടിയിലായത്. നാട്ടിലെത്തിയ സുരേന്ദ്രന്‍ വീടിനു സമീപത്തുള്ള കാട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരവേയാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *