ദില്ലി: എഐഎഡിഎംകെ അംഗങ്ങള്‍ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്നും കേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തില്ല. അവിശ്വാസ പ്രമേയത്തിന് അന്‍പതില്‍ അധികം അംഗങ്ങളുടെ പിന്തുണയുണ്ടെന്നും അതിനാല്‍ പ്രമേയം അടിയന്തിരമായി ചര്‍ച്ചക്ക് എടുക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ആവശ്യം സ്പീക്കര്‍ തള്ളി.
കോണ്‍ഗ്രസ് ന്യൂനപക്ഷ പാര്‍ട്ടിയായി കൊണ്ടിരിക്കുകയാണെന്നും, ഇതേ കുറിച്ച് മല്ലികാര്‍ജുന ഖാര്‍ഗെ ആത്മപരിശോധന നടത്തണമെന്നും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ ആവശ്യപ്പെട്ടു. എഐഎഡിഎംകെ, ടി ആര് എസ് അംഗങ്ങള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, സിപിഐഎം, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, ആര്‍എസ്പി, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ടിആര്‍എസ് അംഗങ്ങളും വ്യക്തമാക്കിയിരുന്നു.
രാവിലെ സഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ കാവേരി ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്ന വിഷയം ഉന്നയിച്ച് എഐഎഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. തുടര്‍ന്ന് സ്പീക്കര്‍ സുമിത്ര മഹാജന് സഭ 12 മണി വരെ നിറുത്തിവച്ചു. 12 മണിക്ക് സഭ സമ്മേളിച്ചപ്പോഴും എഐഎഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ബഹളം തുടര്‍ന്നു.
ഇതിനിടെ അവിശ്വാസ പ്രമേയത്തിന് 50ല്‍ അധികം അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നും അതിനാല്‍ പ്രമേയം അടിയന്തിരമായി ചര്‍ച്ചക്ക് എടുക്കണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി അനന്തകുമാര്‍ വ്യക്തമാക്കി.
എന്നാല്‍ തനിക്ക് കീഴ്വഴക്കങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും 50 അംഗങ്ങളുടെ പിന്തുണ പ്രമേയത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. നടുത്തളത്തില്‍ ഇറങ്ങി അംഗങ്ങള്‍ ബഹളം വച്ചാല്‍ പ്രമേയത്തിന് പിന്തുണയ്ക്കുന്നവരുടെ എണ്ണം എടുക്കാനാകില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എഐഎഡിഎംകെ അംഗങ്ങള്‍ ബഹളം തുടര്‍ന്നപ്പോള്‍ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു. എഐഎഡിഎംകെ, ടി ആര്‍എസ് അംഗങ്ങള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു.
