നവഉദാരനയങ്ങള്‍ക്കെതിരെ ഫലപ്രദമായ ബദല്‍ സൃഷ്ടിക്കാന്‍ സഹകരണമേഖലയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിര്‍മാണമേഖലയിലെ തൊഴിലാളികളുടെ, രാജ്യത്തെ ഏറ്റവും പഴക്കംചെന്ന സഹകരണസംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ച് ഡോ. ടി എം തോമസ് ഐസക്കും മിഷേല്‍ വില്യംസും ചേര്‍ന്നെഴുതിയ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 90 വര്‍ഷത്തെ ചരിത്രമുള്ള ഊരാളുങ്കല്‍ സൊസൈറ്റി കേരളത്തിലെ സഹകരണമേഖലയിലെ പ്രകാശഗോപുരമാണ്. മുതലാളിത്തത്തിനും നവഉദാരനയങ്ങള്ക്കും ബദലില്ലെന്ന് പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് ഇത്തരം ബദല്മുന്നേറ്റങ്ങള് ആവേശകരമാണെന്നും പിണറായി വിജയന് പറഞ്ഞു.
ലാഭക്കൊതി മൂത്ത മുതലാളിത്തം ലോകത്ത് സാമൂഹിക അസമത്വം ഭീകരമായ തോതില്‍ വളര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വന്‍തോതിലുള്ള കുടിയേറ്റം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള കെടുതികള്‍ ഇതിന്റെ സൃഷ്ടിയാണ്. ഈ മനുഷ്യനിര്‍മിത ദുരന്തത്തിനു പ്രതിവിധിയില്ലെന്ന തെറ്റായ ധാരണയും പ്രചരിപ്പിക്കുന്നു. ചൂഷണാധിഷ്ഠിതമായ സാമ്ബത്തികവ്യവസ്ഥയ്ക്കെതിരെ ബദലുകള്‍ ഉയര്‍ത്താന്‍ സാധിക്കുമെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് ബോധ്യമാകണം. സഹകരണമേഖലയുടെ പ്രസക്തി കേരളത്തിനു ബോധ്യമായതാണ്. സമത്വാധിഷ്ഠിത വികസനം ഉറപ്പാക്കാന്‍ സഹകരണമേഖലയ്ക്ക് കഴിയും. നോട്ടുനിരോധനത്തിന്റെ കാലത്ത് സഹകരണമേഖലയ്ക്കുനേരെ ശക്തമായ കടന്നാക്രമണമുണ്ടായി. എന്നാല്‍ ശക്തമായ ചെറുത്തുനില്പ്പുവഴി നിക്ഷേപകരുടെ ചില്ലിക്കാശ് പോലും നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ കഴിഞ്ഞു.
വാഗ്ഭടാനന്ദന്റെ നേതൃത്വത്തിലുള്ള സാമൂഹികപരിഷ്കരണ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഊരാളുങ്കല്‍ സൊസൈറ്റി സ്ഥാപിതമായത്. സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളോടുപോലും മത്സരിച്ച് മുന്നേറാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കഴിഞ്ഞു. അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് സമകാലവെല്ലുവിളികള് നേരിടാനും തരണം ചെയ്യാനും ശ്രമിക്കുന്നവരാണ് വിജയം കൈവരിക്കുക. ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിജയം ഇതിനു തെളിവാണ്. തൊഴിലാളികളുടെ തീവ്രമായ നിലപാടുകളും സമരങ്ങളും കേരളത്തിലെ വ്യവസായപുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതുമാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചരിത്രം.
സിദ്ധാന്തവും പ്രയോഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. നവഉദാരനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ-പുരോഗമന ശക്തികളുടെ ആശയവ്യക്തത വെളിപ്പെടുത്തുന്നതാണ് തോമസ് ഐസക്കും മിഷല്ലെ വില്യംസും ചേര്‍ന്നെഴുതിയ ഈ ഗ്രന്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു.
