താനൂര്‍ : ഒഴൂര്‍ അയ്യായയിലെ ഡിവൈഎഫ്ഐ ഓഫീസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചു. സിപിഐ എം സമ്മേളന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയ്യായ സി പി നഗറില്‍ നിര്‍മ്മിച്ച ഓഫീസാണ് കഴിഞ്ഞ ദിവസം രാത്രി തീവെച്ച് നശിപ്പിച്ചത്. രാത്രി 12 നു ശേഷമാണ് സംഭവം.
ഓഫീസ് കത്തുന്നത് കണ്ട സമീപവാസി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും മേല്‍ക്കൂരയും മുന്‍ഭാഗവും കത്തിനശിച്ചിരുന്നു. സമീപത്തെ വീടുകളില്‍ നിന്നും വെള്ളം ശേഖരിച്ചാണ് തീ പൂര്‍ണമായും അണച്ചത്. ഓഫീസിലുണ്ടായിരുന്ന നേതാക്കളുടെ ഫോട്ടോ, പുസ്തകങ്ങള്‍, മാസികകള്‍, ക്യാരം ബോര്‍ഡ് എന്നിവ കത്തിനശിച്ചു.
മൂന്നുമാസം മുമ്ബാണ് ഓഫീസ് ഉദ്ഘാടനം കഴിഞ്ഞത്. പ്രദേശത്തെ നിരവധി യുവാക്കള്‍ ഡിവൈഎഫ്ഐയില്‍ ചേര്‍ന്നതിലുള്ള അമര്‍ഷമാണ് അഗ്നിക്കിരയാക്കാന്‍ കാരണം. ഒഴൂരില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയില്‍ വെള്ളച്ചാലിലും, കുംഭാരന്‍ കോളനി സമീപത്തും സംശയാസ്പദമായി രണ്ട് ബൈക്ക് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മാത്രമല്ല ഓഫീസ് കത്തിക്കുമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതായും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ജോലി ചെയ്യുന്നിടത്ത് ഒഴൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തുകയും സി പി നഗറിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പേര് പറഞ്ഞ് അവരെയെല്ലാം ആക്രമിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.
ഒരു മാസം മുമ്ബ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയനെ ആക്രമിച്ചവര്‍ തന്നെയാണ് വീണ്ടും ആക്രമണവുമായി രംഗത്തുവന്നിരിക്കുന്നത്. ഒഴൂരില്‍ നടക്കുന്ന ഉത്സവാഘോഷത്തിന്റെ മറവിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. താനൂര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
