കശ്മീരില്‍ ഗ്രാമീണരെ മറയാക്കി ഭീകരരുടെ ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗ്, ഷോപിയാന്‍ ഉള്‍പ്പെടെ മൂന്നിടത്തുണ്ടായ വെടിവയ്പുകളില്‍ രണ്ടു സൈനികര്‍ മരിച്ചു. ഷോപിയാനില്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് രണ്ടു ജവാന്മാര്‍ വീരമൃത്യു വരിച്ചത്. ഷോപിയാനില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഏഴു പേരും പ്രദേശവാസികളാണെന്നും ഡിജിപി എസ്.പി. വൈദ് പറഞ്ഞു. അനന്ത്‌നാഗിലെയും ഷോപിയാനിലെയും സൈനിക നടപടികള്‍ അവസാനിച്ചു. മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.

നേരത്തെ 11 ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു, ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ ഭീകരരില്‍ ഒരാള്‍ അനന്ത്‌നാഗില്‍ കീഴടങ്ങി. കശ്മീര്‍ താഴ്വരയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വന്ന ‘കമാന്‍ഡര്‍മാരായ’ സീനത്ത് ഉല്‍ ഇസ്ലാം, സുബൈര്‍ തുടങ്ങിയവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി അനന്ത്‌നാഗിലെ പെത്ഡയല്‍ഗാം മേഖലയില്‍ സുരക്ഷാസേന പരിശോധന തുടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിവച്ചത്.

കൊല്ലപ്പെട്ട ഭീകരരില്‍ ഏറെയും ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്നാണ് വിവരം. സ്ഥലത്തു നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഷോപിയാനില്‍ സുരക്ഷാസേനയ്ക്കു നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഒരു ഐപിഎസ് ഓഫിസറുടെയും കോണ്‍സ്റ്റബിളിന്റെയും വീടുകളില്‍ കടന്നെത്തിയ ഭീകരരാണ് കൊല്ലപ്പെട്ടതെന്നും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *