കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ ഭേദഗതിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രസ് പത്രം മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനെതിരെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. മാനേജ്മെന്റ് നയം ക്രൂരമെന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രസ് പിരിച്ചുവിട്ട മാധ്യമപ്രവര്‍ത്തകന്‍ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിനോട് പ്രതികരിച്ച് എളമരം കരീം തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇന്ത്യന്‍ എക്‌സ്‌പ്രസിലെ പിരിച്ചുവിടലിനെതിരായ സമരത്തിന് സിഐടിയു സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എളമരം കരീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇന്ത്യന്‍ എക്സ്‌പ്രസ് പത്രത്തില്‍ നിന്നും കരാര്‍ കാലാവധി അവസാനിച്ചു എന്ന ന്യായം പറഞ്ഞ് എട്ട് മാധ്യമ പ്രവര്‍ത്തകരെ പടിയിറക്കി. ഇത് സംബന്ധിച്ച് പിരിച്ച് വിടപ്പെട്ടവരില്‍ ഒരാളായ സജിതിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടു. നിശ്ചിത കാല തൊഴില്‍, കരാര്‍ തൊഴില്‍ എന്നെല്ലാമുള്ള പേരുകളില്‍ യുവതൊഴിലാളികളെ ഏതാനും വര്‍ഷത്തേക്ക് നിയമിക്കുകയും, അവരുടെ ചോരവറ്റുമ്ബോള്‍ നിര്‍ദയം പിരിച്ചുവിടുകയും ചെയ്യുന്ന നയം എത്ര ക്രൂരമാണ്. മോഡി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്. ഈ നയത്തിനെതിരെ എല്ലാവരും ചേര്‍ന്ന ഒറ്റക്കെട്ടായ സമരം ഉയര്‍ത്തിക്കൊണ്ട് വരണം. ഇന്ത്യന്‍ എക്‌സ്‌പ്രസ് പിരിച്ചുവിടലിനെതിരെ സമരത്തിന് സിഐടിയു സന്നദ്ധമാണ്.
