ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ നടത്തിയെന്ന കോണ്‍ഗ്രസ്^ഇടതുപക്ഷ പാര്‍ട്ടികളുടെ ആരോപണം തള്ളിയ മമത അവര്‍ അത് തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു.
വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിക്കെതിരായ പോരാട്ടമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിക്കെതിരെ പൊരുതുക തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ബംഗാളില്‍ ഇവര്‍ സഹോദരങ്ങളെ പോലെ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ വര്‍ഗീയത സി.പി.എമ്മും കോണ്‍ഗ്രസും കാണുന്നില്ല. അവര്‍ ഏതിനും തൃണമൂലിനെ പ്രതികൂട്ടിലാക്കുകയാെണന്നും മമത ആഞ്ഞടിച്ചു.
നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരെ പോരാടുന്ന കോണ്‍ഗ്രസ് ഇവിടെ ബി.ജെ.പിയുമായി കൂട്ടുകൂടിയിരിക്കുന്നു. എങ്ങനെയാണവര്‍ ഒറ്റരാത്രിക്കുള്ളില്‍ സഖ്യമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണമെന്നും മമത പറഞ്ഞു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒറ്റ കക്ഷിയായി പേരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ മമത സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
