ന്യൂഡല്‍ഹി: രണ്ട് ജഡ്ജിമാരുടെ നിയമനത്തില്‍ ഇതുവരെ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ ഇനിയും മൗനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല എന്ന മുന്നറിയിപ്പുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എഴുതിയ കത്തിലാണ് കുര്യന്‍ ജോസഫ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത് സുപ്രീംകോടതിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്ര, ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തിക്കൊണ്ട് കൊളീജിയം തീരുമാനം എടുത്തിരുന്നു. കൊളീജിയം ശിപാര്‍ശ ചെയ്തതിന് ശേഷം മൂന്ന് മാസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി എടുക്കാത്തതാണ് കുര്യന്‍ ജോസഫിനെ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. സുപ്രീംകോടതി തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു എന്ന വിമര്‍ശനമാണ് കുര്യന്‍ ജോസഫ് മുന്നോട്ടുവെക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷവും സുപ്രീംകോടതി ശിപാര്‍ശ ചെയ്ത കാര്യത്തെക്കുറിച്ച് എന്താണെന്ന് സംഭവിക്കുന്നത് എന്നറിയാത്ത സ്ഥിതിയുണ്ടാകുന്നത്. വൈകിപ്പിക്കുന്ന നിയമനങ്ങളില്‍ തീരുമാനമുണ്ടാകുവാന്‍ ഏഴംഗ ബെഞ്ചിനെ നിയമിക്കണമെന്നും കുര്യന്‍ ജോസഫ് കത്തില്‍ ആവശ്യപ്പെടുന്നു.
സ്വാഭാവിക പ്രസവം നടന്നില്ലെങ്കില്‍ പിന്നെ സിസേറിയന്‍ മാത്രമാണ് മാര്‍ഗം. ഇല്ലെങ്കില്‍ ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞ് മരിച്ചുപോകുമെന്നും ജസ്റ്റിസ് ഓര്‍മപ്പെടുത്തുന്നു.
ജഡ്ജിമാരുടെ നിയമനകാര്യം സംബന്ധിച്ച് കൊളീജിയത്തെ മറികടന്ന് നിയമന്ത്രാലയം കര്‍ണാടക ഹൈകോടതിക്ക് നേരിട്ട് കത്തയച്ചതിലുള്ള അതൃപ്തി ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
