തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ തന്റെ സന്ദര്‍ശനത്തില്‍ സുരക്ഷയൊരുക്കാന്‍ ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന എം.എസ്.ഷിബു ഉണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് കൂടുതല്‍ തെളിവുകള്‍. മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലെത്തുമ്ബോള്‍ സ്ഥലത്ത് എസ്.ഐ ഷിബു ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തായി. പൊലീസിന്റെ ബന്തവസ് സുരക്ഷാ ഡ്യൂട്ടി ലിസ്‌റ്റിലും എസ്.ഐയുടെ പേരുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. എന്നാല്‍ തന്റെ സുരക്ഷ ഡ്യൂട്ടിയില്‍ എസ്.ഐ ഇല്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നും ആവര്‍ത്തിച്ചത്.
പ്രണയവിവാഹം ചെയ്‌തതിനെ തുടര്‍ന്ന് തന്റെ ഭര്‍ത്താവ് കെവിനെ സ്വന്തം വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി തെന്മല സ്വദേശി നീന പരാതി നല്‍കിയിട്ടും കോട്ടയം ഗാന്ധിനഗര്‍ നടപടിയെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷയൊരുക്കേണ്ടതിനാല്‍ അന്വേഷിക്കാനാവില്ലെന്നാണ് പൊലീസുകാര്‍ മറുപടി നല്‍കിയത്. ഈ ഗുരുതര വീഴ്‌ചയാണ് കെവിന്റെ മരണത്തിലേക്ക് നയിച്ചത്. ഒരുപക്ഷേ യഥാസമയം ഇടപെട്ടിരുന്നുവെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങളും സമ്മതിക്കുന്നുണ്ട്.
സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്.ഐയ്‌ക്കും കോട്ടയം എസ്.പിക്കും ഗുരുതര വീഴ്‌ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ തനിക്ക് സുരക്ഷയൊരുക്കിയെന്നതിന്റെ പേരില്‍ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം കൊടുക്കുന്നത് പൊലീസിന് ചേര്‍ന്നത നടപടിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നും ചാനലില്‍ ഇരുന്ന് ആക്രോശിക്കുന്നവര്‍ വിധികര്‍ത്താക്കള്‍ ആകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
