സജി ചെറിയാന്‍ 60,000 കടക്കുമെന്ന് വിലയിരുത്തി സിപിഎം; 1000 വോട്ടിന് വിജയം വിജയകുമാറിനെ തേടിയെത്തുമെന്ന് വോട്ടെണ്ണി പറഞ്ഞ് കോണ്‍ഗ്രസ്; ശ്രീധരന്‍ പിള്ള 49000 കടക്കുമെന്ന് പ്രതീക്ഷിച്ച്‌ ബിജെപിയും

ചെങ്ങന്നൂര്‍: വോട്ടെടുപ്പ് നാളിന് തൊട്ടുള്ള ദിവസങ്ങളില്‍ എല്ലാവരും തുറന്നുസമ്മതിച്ചു..അതേ ക്ലോസ് ഫൈറ്റാണ്. പോളിങ് കഴിഞ്ഞപ്പോള്‍ മൂന്നുമുന്നണികള്‍ക്കും വിജയപ്രതീക്ഷ നല്‍കി ഉയര്‍ന്ന പോളിങ് ശതമാനം.76.27 %.വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.1

10,000 വോട്ടെങ്കിലും ഭൂരിപക്ഷം നേടുമെന്നാണ് സജി ചെറിയാന്റെ ആത്മവിശ്വാസം.എന്‍ഡിഎയ്ക്ക് വോട്ടുകള്‍ കുറയുമെന്നും കണക്കുകൂട്ടുന്നു.സജി ചെറിയാന്‍ 60,000 വോട്ടുകള്‍ കടക്കുമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം.വോട്ടെടുപ്പില്‍ എസ്‌എന്‍ഡിപി എല്‍ഡിഎഫിനെ തുണച്ചുവെന്ന് തുറന്നടിച്ച ബിജെപി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍ പിള്ള എന്‍ഡിഎയുടെ വോട്ടുകള്‍ കൂടുമെന്ന് ഉറപ്പിച്ച്‌ പറയുന്നു. ബിഡിജെഎസിന് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അത് പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.ശ്രീധരന്‍പിള്ള 49,000 കടക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ ആദ്യം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതും പിന്നീട് തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് രംഗത്തെത്തിയതും തോല്‍വി ഭയന്നാണെന്ന വ്യാഖ്യാനമുണ്ടായി.എന്നാല്‍, തങ്ങള്‍ 56,000 വോട്ട് പിടിക്കുമെന്നും വിജയകുമാര്‍ 1000 വോട്ടിന് ജയിക്കുമെന്നും എണ്ണിപ്പറയുന്നു യുഡിഎഫ്.

വോട്ടെണ്ണല്‍ വ്യാഴാഴ്ച

വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ പൂര്‍ത്തിയായി.181 പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടാം നിലയിലെ സ്‌ട്രോങ്ങ് റൂമിന് അടുത്തായി തന്നെയാണ് കൗണ്ടിങ് സെന്ററും. 14 ടേബിളുകളാണ് കൗണ്ടിങ്ങിനായിഒരുക്കുന്നത്. മാന്നാര്‍ പഞ്ചായത്തില ഒന്നു മുതല്‍ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുക. രണ്ടാം റൗണ്ടില്‍ 15 മുതല്‍ 28 വരെ ബൂത്തുകള്‍. അങ്ങനെ സഹായ ബൂത്തുകളിലേതടക്കം 13 റൗണ്ടുകളായി വോട്ടെണ്ണും.രാവിലെ എട്ട് മണി കഴിയുന്നതോടെ ആദ്യഫലസൂചനകള്‍ ലഭ്യമാകും.

മൂന്നുമുന്നണികളുടെയും കണക്കുകൂട്ടല്‍

സജി ചെറിയാന്‍ 60,000 വോട്ട് കടക്കുമ്ബോള്‍ യുഡിെഫിന് 52,000 വും, ബിജെപിക്ക് 35,000 വും വോട്ട് പെട്ടിയില്‍ വീഴുമെന്ന് സിപിഎം കണക്കുകൂട്ടുന്നുതിരുവന്‍വണ്ടൂര്‍ ഉള്‍പ്പെടെ പത്തു പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായ ലീഡ് ലഭിക്കുമെന്നും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നുമാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍.56,000 വോട്ട് സജി ചെറിയാന്‍ നേടുമ്ബോള്‍ എല്‍ഡിഎഫിന് 54,000 വും, ബിജെപിക്ക് 40,000 വുമാണ് യുഡിഎഫ് ക്യാമ്ബിന്റെ പ്രതീക്ഷ.
പോളിങ് ശതമാനം വര്‍ധിച്ചത് യു.ഡി.എഫിന് അനുകൂലമാവുമെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി് കണക്കുകൂട്ടുന്നു.

50,000ത്തിലേറെ വോട്ട് ശ്രീധരന്‍ പിള്ളയ്ക്ക് കിട്ടുമെന്ന് എന്‍ഡിഎ ക്യാമ്ബും കണക്കുകൂട്ടുന്നു.ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന കക്ഷിയായി ബിജെപി. മാറുമെന്നാണ് പ്രതീക്ഷ.യുഡിഎഫ്-എല്‍ഡിഎഫ രഹസ്യധാരണയും അവര്‍ സംശയിക്കുന്നു.

എല്‍ഡിഎഫിന് മുന്‍തൂക്കം കല്‍പിച്ച്‌ സര്‍വേ

കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പിലെ സര്‍വേ റിസര്‍ച്ച്‌ സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഗവണ്‍മെന്റ് ഓഫ് കേരളയുടെ സഹായത്തോടെ മെയ് 18, 19, 20 തീയതികളിലാണു ചെങ്ങന്നൂരില്‍ സര്‍വേ നടത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും എല്‍ഡിഎഫിന്റെ ജനപ്രതിനിധിയാണു മണ്ഡലത്തിനു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്‌തെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയാണെന്ന് 38.4% പേര്‍ അഭിപ്രായപ്പെട്ടു. വിലക്കയറ്റം അക്രമ രാഷ്ട്രീയം എന്നിവയാണു ചെങ്ങന്നൂരിലെ പ്രധാന പ്രചാരണ വിഷയങ്ങളായി ജനം കണ്ടത്

ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമുള്ള 23 കേന്ദ്രങ്ങളിലാണ് സര്‍വേ നടത്തിയത്. 343 പുരുഷന്മാരും 337 സ്ത്രീകളും അടക്കം 680 സമ്മതിദായകര്‍ സര്‍വേയില്‍ പങ്കെടുത്തു. 23 ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദു മതത്തില്‍നിന്ന് 407പേരും മുസ്ലിം മതത്തില്‍നിന്ന് 43പേരും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് 230പേരും സര്‍വേയില്‍ പങ്കെടുത്തു.

ബിഡിജെഎസിന്റെ പിന്തുണ ഇല്ലാത്ത ബിജെപി അത്ര ശക്തരല്ല. ബിജെപിക്ക് കുറയുന്ന വോട്ട് ആര്‍ക്ക് ലഭിക്കുമെന്നത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാം. അടിയൊഴുക്കിന്റെ ഫലമായി നല്ലൊരു ശതമാനം വോട്ട് യുഡിഎഫിന് ലഭിച്ചാല്‍ എല്‍ഡിഎഫിന്റെ സര്‍വേയിലെ മുന്‍തൂക്കം അട്ടിമറിക്കപ്പെടും

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ പോളിങ് ശതമാനം 74.36 ആയിരുന്നു. അന്നുണ്ടായിരുന്ന 195493 വോട്ടര്‍മാരില്‍ 143363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

2014ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനമായിരുന്നു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 71.18ശതമാനവും 2009ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ 67.67 ശതമാനവും ആയിരുന്നു മണ്ഡലത്തിലെ പോളിങ്. ഇത് വെച്ച്‌ നൊക്കുമ്ബോള്‍ റെക്കോഡ് പോളിങ്ങാണ് ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

ജയവും പരാജയവും

1957, 1967, 1987, 2016 വര്‍ഷങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിനു വിജയിക്കാന്‍ കഴിഞ്ഞത്. 2006ല്‍ ഇടതു തരംഗം ഉണ്ടായപ്പോള്‍പ്പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സി. വിഷ്ണുനാഥിന് 5,132 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. 2011ല്‍ ഭൂരിപക്ഷം 12,500 വോട്ടായി. കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. രാമചന്ദ്രന്‍ നായരുടെ മുന്നില്‍ വിഷ്ണുനാഥിന് അടിപതറി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണു തോല്‍വിക്കു കാരണമെന്നും അതു പരിഹരിക്കാനായെന്നും പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. രാമചന്ദ്രന്‍നായര്‍ക്കു ലഭിച്ചത് 52,880 വോട്ടാണ്. പി.സി. വിഷ്ണുനാഥിനു 44,897 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് 42,682 വോട്ടും . ഭൂരിപക്ഷം 7,983 വോട്ട്.

വിഷ്ണുനാഥിന് 2011ല്‍ കിട്ടിയ 65,156 വോട്ടുകള്‍ 44,897 ആയി കുറഞ്ഞു. 20,259 വോട്ടുകളുടെ കുറവ്. 2011ല്‍ സിപിഎം സ്ഥാനാര്‍ത്ഥി സി.എസ്. സുജാതയ്ക്കു കിട്ടിയ വോട്ട് 52,656. രാമചന്ദ്രന്‍നായര്‍ക്കു 2016ല്‍ കൂടിയത് 224 വോട്ട്. ബിജെപിക്കാണ് ഏറ്റവും വലിയ നേട്ടമുണ്ടാനായത് 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി.രാധാകൃഷ്ണമേനോന് ലഭിച്ച 6,062 വോട്ടുകള്‍ 42,682 ആയി ഉയര്‍ന്നു. 36,620 വോട്ടുകളുടെ വര്‍ധന.

15 തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണ യുഡിഎഫ് ജയിച്ചു. മൂന്നു തവണ എല്‍ഡിഎഫ് ജയിച്ചു. എന്‍ഡിപി മൂന്നുതവണ ജയിച്ചപ്പോള്‍ കേരളകോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എസ്സും ഓരോ തവണ വീതം ജയിച്ചു. പലപ്പോഴും ഭൂരിപക്ഷത്തില്‍ ചെറിയ ഏറ്റക്കുറച്ചില്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. രണ്ട് തവണ മാത്രമാണ് മണ്ഡലം പതിനായിരത്തില്‍ മുകളില്‍ ഭൂരിപക്ഷം സമ്മാനിച്ചിട്ടുള്ളത്. 1987 ല്‍ മാമന്‍ ഐപ് നേടിയ 15,703 ആണ് ഉയര്‍ന്ന ഭൂരിപക്ഷം. 1987 ന് ശേഷം 2016 ലാണ് കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ത്ഥി ഇവിടെ പരാജയപ്പെട്ടത് 96 ലേയും 2006 ലേയും ഇടത് തരംഗത്തേയും അതിജീവിച്ച്‌ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. പക്ഷേ 2016 ല്‍ ഇടതുപക്ഷം ജയിച്ചുകയറി.

മണ്ഡലത്തിന്റെ ഘടന

ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും 10 പഞ്ചായത്തും അടങ്ങുന്നതാണ് മണ്ഡലം. ഇതില്‍ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും ആല, മാന്നാര്‍, പാണ്ടനാട്, വെണ്മണി പഞ്ചായത്തുകള്‍ യുഡിഎഫ് ഭരിക്കുന്നു. ബുധനൂര്‍, ചെറിയനാട്, മുളക്കുഴ, പുലിയൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. 13 വാര്‍ഡുകളുള്ള തിരുവന്‍വണ്ടൂരില്‍ ആറ് സീറ്റുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. പക്ഷേ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗമാണ് പ്രസിഡന്റ്.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിന് 7818 ന്റെ ഭൂരിപക്ഷം സമ്മാനിച്ച മണ്ഡലം കൃത്യം രണ്ട് വര്‍ഷം കഴിഞ്ഞ് നിയമസഭയിലേക്ക് കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് 7983 വോട്ടിന്റെ വിജയം സമ്മാനിച്ചു. 2011 ല്‍ 6062 വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2014 ലില്‍ 15716 വോട്ട് കിട്ടി. 2016 ആയപ്പോള്‍ അത് 42,282 വോട്ടായി വര്‍ധിച്ചു. ഇതാണ് ചെങ്ങന്നൂരിന്റെ ജനവിധി കഴിഞ്ഞതവണ മാറ്റിവരച്ചത്.

2016 ലെ അട്ടിമറി ജയം

25 വര്‍ഷത്തിന് ശേഷം എല്‍ഡിഎഫിന്റെ അട്ടിമറി വിജയത്തിലേക്ക് നയിച്ച രാഷ്ട്രീയ അടിയൊഴുക്കുകളില്‍ പ്രധാനം ബിജെപി വോട്ടിലുണ്ടായ വര്‍ധനയായിരുന്നു. മൂന്നു മുന്നണികളും നായര്‍ സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയ തിരഞ്ഞെടുപ്പില്‍ നായര്‍ വോട്ടുകളും മൂന്നായി പിരുഞ്ഞു. പരമ്ബരാഗതമായി യുഡിഎഫിനൊപ്പം നിന്ന വോട്ടില്‍ നല്ലൊരു പങ്കും ബിജെപിയിലേക്ക് ഒഴുകി. എല്‍ഡിഎഫ് വോട്ടുകള്‍ അധികം ചോര്‍ന്നില്ല. കെ.കെ രാമചന്ദ്രന്‍ നായര്‍ 7983 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി. ബിജെപിയുടെ വോട്ടുവിഹിതം ഏഴ് ഇരട്ടിയായി. 2215 വോട്ടിന്റെ മാത്രം അകലത്തിലാണ് അന്ന് ബിജെപി മൂന്നാം സ്ഥാനത്തായത്. ബിജെപിയിലേക്ക് പോയ വോട്ടുകള്‍ക്കൊപ്പം ശോഭന ജോര്‍ജ് വിമതയായി മത്സരിച്ചത് യുഡിഎഫിന്റെ പരാജയം ഉറപ്പാക്കി. യുഡിഎഫിന്റെ അക്കൗണ്ടില്‍ വരുമായിരുന്ന 3966 വോട്ടുകളാണ് ശോഭന പിടിച്ചെടുത്തത്. 2006 ല്‍ ശോഭന ജോര്‍ജ് തോല്‍പിച്ച രാമചന്ദ്രന്‍ നായര്‍ ജയിച്ചുകയറിയപ്പോള്‍ യുഡിഎഫ് വിമതയായി മത്സരരംഗത്തുണ്ടായിരുന്നത് ശോഭന ജോര്‍ജ്.

Leave a Reply

Your email address will not be published. Required fields are marked *