ചെങ്ങന്നൂര്‍ എല്‍.ഡി.എഫിന്; സജി ചെറിയാന് 20956 ഭൂരിപക്ഷം

ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303 വോട്ട് സജി ചെറിയാന്‍ പിടിച്ചു.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ രണ്ടാം സ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തും എത്തി. വിജയകുമാറിന് 46,347 വോട്ടും ശ്രീധരന്‍പിള്ള 35,270 വോട്ടും പിടിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ടുനില ഉയര്‍ത്തിയപ്പോള്‍ ബി.ജെ.പി പിന്നിലേക്ക് പോയി.

2016ലെ വോട്ടെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ.കെ രാമചന്ദ്രന്‍ നായര്‍ നേടിയ 7,983 വോട്ട് ഭൂരിപക്ഷം സജി ചെറിയാന്‍ മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. 2016ല്‍ 52,880 വോട്ടാണ് രാമചന്ദ്രന്‍ നായര്‍ ആകെ നേടിയത്.

അതേസമയം, 2016ലെ വോട്ടുനിലയായ 44,897 യു.ഡി.എഫ് സ്ഥാനാര്‍ഥി 46,347 ആയി ഇത്തവണ ഉയര്‍ത്തി. എന്നാല്‍, ബി.ജെ.പി വന്‍ പരാജയമാണ് രുചിച്ചത്. കഴിഞ്ഞ തവണ മല്‍സരിച്ച ശ്രീധരന്‍പിള്ളയെ തന്നെയായിരുന്നു ഇത്തവണയും എന്‍.ഡി.എ സ്ഥാനാര്‍ഥി. 2016ല്‍ 42,682 വോട്ട് നേടിയ ശ്രീധരന്‍പിള്ളക്ക് ഇത്തവണ 35,270 വോട്ട് നേടാനെ കഴിഞ്ഞിള്ളൂ.

ചെങ്ങന്നൂര്‍ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നീ 10 പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായി ഭൂരിപക്ഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നേടാന്‍ സാധിച്ചു.

മാന്നാര്‍-2629, പാണ്ടനാട്-548, തിരുവന്‍വണ്ടൂര്‍-10, മുളക്കുഴ-3637, ആല-866, പുലിയൂര്‍-637, ബുധനൂര്‍-2646, ചെന്നിത്തല-2353, ചെറിയനാട്-2485, വെണ്‍മണി-3203, എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ലീഡ് നില. ചെങ്ങന്നൂര്‍ നഗരസഭയില്‍ 753 വോട്ടിന്‍റെ ഭൂരിപക്ഷവും എല്‍.ഡി.എഫ് നേടി.

കെ.എം. മാണി പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളാ കോണ്‍ഗ്രസ് -എം ഭരണത്തിലുള്ള തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥി പിന്നോട്ട് പോയി. ഇവിടെ 10 വോട്ടിന്‍റെ ഭൂരിപക്ഷം സജി ചെറിയാന് ലഭിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട് സ്ഥിതി ചെയ്യുന്ന ചെന്നിത്തല പഞ്ചായത്തില്‍ പോലും യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായില്ല. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 2300 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. അതുപോലെ, ചെന്നിത്തലയുടെ വീടിരിക്കുന്ന ബൂത്തില്‍ സജി ചെറിയാന് 457 വോട്ട് ഭൂരിപക്ഷം കിട്ടി. ഇവിടെ 280 വോട്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാര്‍ പിടിച്ചത്.

ജനവിധി തേടിയ ചെറിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ആയിരത്തില്‍ താഴെ വോട്ടുകള്‍ നേടി. തെരഞ്ഞെടുപ്പില്‍ സെ​ക്കു​ല​ര്‍ നാ​ഷ​ന​ല്‍ ദ്രാ​വി​ഡ് പാ​ര്‍​ട്ടി സ്ഥാനാര്‍ഥി സ്വാ​മി സു​ഖാ​കാ​ശ​ സ​ര​സ്വ​തി നാലാം സ്ഥാനത്തും നോട്ട അഞ്ചാം സ്ഥാനത്തും എത്തി. 800 വോട്ട് പിടിച്ച സ്വാ​മി സു​ഖാ​കാ​ശ​ സ​ര​സ്വ​തിയാണ് ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ചെറിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി. നോട്ടക്ക് 728 വോട്ട്.

ആംആദ്മി പാര്‍ട്ടിയുടെ രാജീവ് പള്ളത്ത് 368ഉം രാഷ്ട്രീയ ലോക്ദളിന്‍റെ ജി​ജി പു​ന്ത​ല 248ഉം എ​സ്.​യു.​സി.​ഐയുടെ മ​ധു ചെ​ങ്ങ​ന്നൂ​ര്‍ 124 വോട്ടും തെരഞ്ഞെടുപ്പില്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *