ലക്‌നൗ: ബി.എസ്.പിയും എസ്.പിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതോടെ ഉത്തര്‍പ്രദേശില്‍ താമര വാടുന്നതിന്റെ സൂചനയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരിലേയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരും നഷ്ടപ്പെട്ടതിന് പിന്നാലെ കെെരാനയിലും നൂര്‍പൂരിലും പരാജയം ഏറ്റുവാങ്ങിയതോടെ ബി.ജെ.പിയുടെ പ്രതാപം തളരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ബി.എസ്.പി- എസ്.പി സഖ്യം ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളിയായിരിക്കുമെന്ന ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാക്കുകള്‍ വെറുതെ ആയിരുന്നില്ല എന്നാണ് രണ്ട് മണ്ഡലങ്ങളിലെയും ഫലങ്ങളിലൂടെ മനസിലാകുന്നത്.
രാജ്യം ഉറ്റുനോക്കിയ കെെരാനയില്‍ 40,000ലധികം വോട്ടുകള്‍ക്കാണ് ബി.ജെ.പി പരാജയപ്പെട്ടത്. ആര്‍.എല്‍.ഡി സംയുക്ത സ്ഥാനാര്‍ത്ഥി ബീഗം തബസും ഹസന്‍ ബി.ജെ.പിയുടെ മൃഗാങ്ക സിംഗിനെയാണ് പരാജയപ്പെടുത്തിയത്. തബസും സെന്നിനെ കോണ്‍ഗ്രസ്, ബി.എസ്.പി പാര്‍ട്ടികളും പിന്തുണച്ചിരുന്നു. ബി.ജെ.പിക്കെതിരായ സംയുക്ത പ്രതിപക്ഷ പരീക്ഷണമെന്ന നിലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു കൈരാന. കെെരാനയെ കൂടാതെ സിറ്റിംഗ് സീറ്റായ നൂര്‍പൂരം ബി.ജെ.പിക്ക് നഷ്‌ടമായി. കെെരാനയുടെ വിജയത്തിന് പകരം നൂര്‍പൂരില്‍ എസ്.പി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചായിരുന്നു ആര്‍.എല്‍.ഡിയുടെ സഹായം. ബി.എസ്.പിയും കോണ്‍ഗ്രസും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫെെനല്‍ എന്ന് വിശേഷിപ്പിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാല് തോല്‍വികള്‍ ഏറ്റവുവാങ്ങിയതോടെ ബി.ജെ.പി ആശങ്കയിലാണ്. ഉത്തര്‍പ്രദേശിലെ വിജയമാണ് പലപ്പോഴും രാജ്യം ഭരിക്കുന്നത് ആരാണെന്ന കാര്യത്തില്‍ പോലും നിര്‍ണായകമാവാറുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ എല്ലാം രംഗത്തിറങ്ങിയിട്ടും രണ്ട് മണ്ഡലങ്ങളിലും വിജയം നേടാനായത് പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നു എന്നത് കൊണ്ട് മാത്രമാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനായാല്‍ അത് ബി.ജെ.പിയുടെ തുടര്‍ഭരണത്തിന് വെല്ലുവിളിയാകും.
