ഉമ്മന്‍ചാണ്ടിയില്ലാതെ രാഷ്ട്രീയകാര്യസമിതി യോഗം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി ആന്ധ്രയിലേക്ക് പോകേണ്ടതുള്ളതിനാല്‍ രാഷ് ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാതെ യാത്ര തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കണമെന്ന് താന്‍ വിചാരിച്ചിരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആന്ധ്രയിലേക്ക് പോകേണ്ടതിനാല്‍ യോഗം മൂന്നോ നാലോ ദിവസം കഴിഞ്ഞ് കൂടാനാകുമോ എന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയകാര്യസമിതി യോഗം നീട്ടിവയ്ക്കുന്നത് അനുചിതമാണ്. അതുകൊണ്ട് താന്‍ ഇല്ലാതെ തന്നെ യോഗം ചേരുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാജ്യസഭാ സീറ്റ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും മറുപടി നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏത് വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാന്‍ ഹസ്സനും ചെന്നിത്തലയും പ്രാപ്തരാണ്‌

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്കിയ കാര്യത്തില്‍ എതിര്‍ചേരിയിലുള്ളവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ഉമ്മന്‍ ചാണ്ടിയെയാണ്. അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പലരും നടത്തിക്കൊണ്ടിരിക്കുന്നതും. ഇതില്‍ എ ഗ്രൂപ്പിന് അമര്‍ഷവുമുണ്ട്. ഇതിനിടയിലാണ് യോഗത്തില്‍ പങ്കെടുക്കാതെ പാര്‍ട്ടി ചുമതലയുടെ ഭാഗമായുള്ള ഉമ്മന്‍ ചാണ്ടിയുടെ ആന്ധ്രാ യാത്ര.

Leave a Reply

Your email address will not be published. Required fields are marked *