സോഷ്യല്‍ മീഡിയയില്‍ സജീവമാകൂ: അമിത് ഷാ

ഗുവാഹട്ടി: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്‍റെ മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സോഷ്യൽ മീഡിയയിൽ സജീവമാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും നവമാധ്യമ പ്രവര്‍ത്തകരേയും ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് വിവധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരേയും നവമാധ്യമ പ്രവര്‍ത്തകരേയും കാണുകയും അവരുമായി ചര്‍ച്ചകള്‍ നടത്തുകയുമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍.

ഈ ചര്‍ച്ചയുടെ ഭാഗമായി കഴിഞ്ഞ ദിവസം അസ്സമില്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരേയും നവമാധ്യമ പ്രവര്‍ത്തകരേയും കാണുകയുണ്ടായി. സോഷ്യൽ മീഡിയയില്‍ സജീവമാകാനുള്ള കര്‍ശന നിര്‍ദ്ദേശമാണ് അമിത് ഷാ അണികള്‍ക്ക് നല്‍കിയിരിക്കുന്നത്. വോട്ടര്‍മാരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ എത്തണമെന്നും യുവ വോട്ടര്‍മാരെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തണമെന്നും പറഞ്ഞു.

അസ്സമിലെ സോഷ്യൽ മീഡിയ ടീമിനോപ്പം അമിത് ഷാ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഏകദേശം 80 ഓളം പേര്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊഴിച്ച് ബാക്കിയാരും സോഷ്യൽ മീഡിയയിൽ സജീവമല്ല എന്ന് അമിത് ഷാ അല്പം നീരസത്തോടെ പറഞ്ഞതായാണ് സൂചന.

സംസ്ഥാന നേതാക്കള്‍ക്ക് ഫേസ്ബുക്കിലും ട്വിറ്ററിലുമുള്ള അനുയായികളുടെ എണ്ണവും അദ്ദേഹം ആരായുകയുണ്ടായി. കൂടാതെ വോട്ടര്‍മാരുമായി ശരിയായ ആശയവിനിമയം നടത്താന്‍ പറ്റിയ മാര്‍ഗ്ഗം കണ്ടെത്താന്‍ അമിത് ഷാ ആവശ്യപ്പെട്ടു. കൂടാതെ വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരുമായും നവമാധ്യമ പ്രവര്‍ത്തകരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ 4 വര്‍ഷത്തെ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാന്‍ നിര്‍ദ്ദേശ൦ നല്‍കിയിരുന്നു. കൂടാതെ നവമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ ഇടരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

അതുകൂടാതെ, കോണ്‍ഗ്രസ് ഭരണകാലവും മോദി സര്‍ക്കാരിന്‍റെ ഭരണവും തമ്മില്‍ താരതമ്യ പഠനം നടത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ താരതമ്യ പഠനം മുന്‍നിര്‍ത്തിയാവും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

Leave a Reply

Your email address will not be published. Required fields are marked *