മഞ്ചേരി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇരിമ്പിളിയം വെണ്ടല്ലൂര്‍ മരക്കാരെയും കുടുംബത്തെയും മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. 2015 നവംബര്‍ എട്ടിന് രാവിലെ എട്ടു മണിക്കാണ് സംഭവം. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമ്പിളിയം 14ാം വാര്‍ഡില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് പ്രവര്‍ത്തകനായ മരക്കാര്‍ പരസ്യമായി പ്രവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ മരക്കാര്‍ പങ്കെടുത്തതാണ് ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പരാതിക്കാരന്റെ വീട്ടിലേക്ക് ബൈക്കില്‍ വരികയായിരുന്ന സുഹൃത്തിനെ പ്രതികള്‍ തടഞ്ഞ് വെച്ച് ദേഹോപദ്രവമേല്‍പ്പിച്ചു. ഇത് തടയാനെത്തിയ പരാതിക്കാരനെയും കുടുംബത്തെയും ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് കേസ്. മരക്കാരുടെ മകന്‍ റംസാലിന് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പരാതിക്കാരന്റെ ഭാര്യയെ തള്ളിവീഴ്ത്തിയതായും മാനഹാനി വരുത്തിയതായും പരാതിയിലുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകരും വളാഞ്ചേരി ഇരിമ്പിളിയം വെണ്ടല്ലൂര്‍ സ്വദേശികളുമായ തറക്കല്‍ അലി ഹാജി, മനാഫ്, യൂസഫ്, ഷെമീര്‍, സലീം, അന്‍വര്‍ സാദത്ത്, അമീര്‍, നൗഷാദ്, അസീസ്, ഷൗക്കത്ത്, മാമ്പറ്റ സലാം, മാമ്പറ്റ ഷൗക്കത്ത്, തറക്കല്‍ അബ്ദുറഹ്മാന്‍ എന്ന മാനുപ്പ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ പ്രതി അന്‍വര്‍ സാദത്ത് കോട്ടപ്പുഞ്ചയില്‍ ബഷീര്‍ അടക്കം 16 പേര്‍ക്കെതിരെ നല്‍കിയ കേസും നിലവിലുണ്ട്.
