തിരുവനന്തപുരം: മുഖ്യമന്ത്രി തനിക്ക് തന്നത് ഒരു മകളോടുള്ള പരിഗണനയെന്ന് ഹനാന്‍. പഠിക്കാനായി മീന്‍ വിറ്റതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപത്തിന് ഇരയായ ഹനാന്‍ ബുധനാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടറിയറ്റിലെ ഓഫീസിലെത്തിയത്. ‘ഞാനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണ്’. മുഖ്യമന്ത്രിയെ കണ്ടുപുറത്തിറങ്ങിയ ഹനാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരുമകളുടെ സംരക്ഷണം തനിക്ക് തരും എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ഹനാന് സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക് പേജില്‍ കുറിച്ചു.” ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാന്‍. അന്ന് സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു.
കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാന്‍ എത്തിയത്. സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞു.” മുഖ്യമന്ത്രി ഫേസ്‌ബുക് പോസ്റ്റില്‍ കുറിച്ചു.
” ഒരു മകള്‍ എപ്പോഴും അച്ഛന്റെയും അമ്മയുടെയുംസംരക്ഷണമാണ് ആഗ്രഹിക്കുന്നത്. അത് തനിക്ക് ഉറപ്പുകിട്ടി. വളരെ ധൈര്യവും ആത്മവിശ്വാസവും തോന്നുന്നു. ഇനി ഒരാളും തന്റെ
മേല്‍ കൈവയ്ക്കില്ല, ഒരു വെടിയുണ്ടയും തന്റെ നേരെ വരില്ല എന്ന വിശ്വാസമുണ്ട്. പഠനവും സുരക്ഷയും ഉറപ്പുനല്‍കിയിട്ടുണ്ട്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും നന്ദിയുമുണ്ട്.” ഹനാന്‍ പറഞ്ഞു.
ഖാദിബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ ശോഭന ജോര്‍ജിനൊപ്പമാണ് ഹനാന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.
