ന്യൂഡല്‍ഹി: നിലവിളികേട്ട് സഹായിക്കാനെത്തിയ ബൈക്ക് യാത്രികനെ യുവതികള്‍ കൊള്ളയടിച്ചു. സഹായിക്കണമെന്ന് നിലവിളിച്ച ശേഷം അടുത്തെത്തിയ യാത്രികനെ തൊഴിച്ച്, പണം കൈക്കാലാക്കി യുവതികള്‍ വേഗം രക്ഷപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്‌റ്റേഷനിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്വീറ്റി എന്ന പൂജ (24), മുസ്‌കന്‍ (25) എന്നിവരെ പൊലീസ് പിടികൂടി.
ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് പോകവെ വഴിയില്‍ സ്‌ത്രീകളുടെ കരച്ചില്‍ കേട്ടാണ് താന്‍ സമീപത്തേക്ക് ചെന്നതെന്ന് പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അപ്രതീക്ഷിതമായി മോഷ്‌ടാക്കളിലൊരാള്‍ യുവാവിനെ ചവിട്ടി താഴെയിടുകയും, ഇരുവരും ചേര്‍ന്ന് പേഴ്‌സുമായി കടന്നുകളയുകയുമായിരുന്നു.
ഹൈവേ പെട്രോളിംഗിനിറങ്ങിയ പൊലീസ് സംഘമാണ് മോഷ്‌ടാക്കളെ പിടികൂടിയത്. ഇതിനോടകം സമാനമായ രീതിയില്‍ പന്തണ്ടിലധികം മോഷണങ്ങള്‍ നടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. എതിര്‍ക്കുന്നവരെ ലൈംഗികാരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി.
