എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും ദേശീയ പെരുമാറ്റ ചട്ടം ആവശ്യമാണ്: വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി:  നിയമസഭകളിലേയ്ക്കും പാര്‍ലമെന്റുകളിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ദേശീയ പെരുമാറ്റ ചട്ടം ആവശ്യമാണെന്ന് വൈസ് പ്രസിഡന്റും രാജ്യസഭ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു. സഭയ്ക്ക് അകത്തും പുറത്തും അംഗങ്ങള്‍ ഈ പെരുമാറ്റ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര സമ്മതപ്രകാരം അവരുടെ പാര്‍ട്ടി അംഗങ്ങള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരണം. അല്ലാത്ത പക്ഷം, ജനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളിലും ഭരണത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും നായിഡു പറഞ്ഞു.

‘മൂവിംഗ് ഓണ്‍, മൂവിംഗ് ഫോര്‍ വേര്‍ഡ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്, എച്ച്‌ ഡി ദേവഗൗഡ, ലോക് സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, രാജസഭ ഉപാദ്ധ്യക്ഷന്‍ ആനന്ദ് ശര്‍മ്മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ കേസുകള്‍ ഒരു നിശ്ചിത കാലാവധിക്കുള്ളില്‍ വിചാരണ ചെയ്യാനും തീര്‍പ്പാക്കാനും കഴിയുന്ന നിയമസംവിധാനങ്ങള്‍ വേണമെന്നും നായിഡു പറഞ്ഞു. ഇതിനായി സുപ്രീം കോടതിയിലും ഹൈക്കോടതികളിലും പ്രത്യേക ബഞ്ചുകള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും നായിഡു വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *