പിളര്‍പ്പിലേക്ക് ?

കോട്ടയം: വളരും തോറും പിളരുമെന്ന ഖ്യാതിയുള്ള കേരള കോണ്‍ഗ്രസ് അടുത്ത പിളര്‍പ്പിന്റെ വക്കില്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പി ജെ ജോസഫ് പക്ഷം പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് മുന്നണിയില്‍ പ്രത്യേക ഘടകക്ഷിയായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. മാണിയും ജോസഫും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയിട്ട് കുറച്ചു കാലമായി. ബാര്‍ കോഴ വിവാദത്തില്‍ മന്ത്രിപദവി നഷ്ടപ്പെട്ടതോടെ പാര്‍ട്ടിക്കുണ്ടായ പ്രതിഛായ തകര്‍ച്ചയുടെ ഉത്തരവാദി മാണി മാത്രമാണെന്നും ഇതിന്റെ ദുരിതം പാര്‍ട്ടി മുഴുവന്‍ പേറേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ വാദം. മന്ത്രിപദവി രാജിവെക്കേണ്ടി വന്നതിനെ തുടര്‍ന്നുള്ള പ്രതിഛായ ഇടിവ് നേരിടാന്‍ റബര്‍ വിലതകര്‍ച്ച ആയുധമാക്കുകയെന്ന തന്ത്രമാണ് മാണി നടത്തുന്നത്. റബര്‍ വിലസ്ഥിരതയ്ക്കായി ഡല്‍ഹിയിലെ ധര്‍ണയിലും ചര്‍ച്ചയിലും പങ്കെടുക്കേണ്ടെന്ന നിലപാടിലാണ് ജോസഫ് പക്ഷം. നിയമസഭാ സീറ്റുവിഭജനവും ഇരുപക്ഷങ്ങള്‍ക്കിടയില്‍ കീറാമുട്ടിയായിട്ടുണ്ട്. പരസ്യ പ്രസ്താവനകളുണ്ടായാല്‍ നടപടിയുണ്ടാവുമെന്ന വാള്‍ മാണി പുറത്തെടുത്തു കഴിഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ്, കെ സി ജോസഫ്, ആന്റണി രാജു എന്നിവര്‍ക്ക് സീറ്റ് നല്കാനാവില്ലെന്ന നിലപാടാണ് മാണിക്ക്.

ബാര്‍കോഴ വിവാദത്തില്‍ മാണി രാജിവെക്കുന്നതിനൊപ്പം ജോസഫും മന്ത്രിപദവി രാജിവെക്കണമെന്ന മാണിയുടെ ആവശ്യം ജോസഫ് അംഗീകരിക്കാതായതോടെയാണ് ഭിന്നത രൂക്ഷമായത്. പാര്‍ട്ടിയില്‍ മാണി ഏകാധിപതിയുടെ സ്വഭാവം കാണിക്കുന്നുവെന്ന പരാതിയും ജോസഫ് പക്ഷത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *