തിരുവനന്തപുരം: വനിതാ പോളിടെക്‌നിക് പ്രിന്‍സിപ്പളിനെ പ്രസംഗത്തില്‍ അധിക്ഷേപിച്ച സി പി എം നേതാവ് എം എം മണി മാപ്പുപറഞ്ഞ് തടിയൂരി. ഉപയോഗിച്ച പദപ്രയോഗം പിശകായെന്നും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നുമായിരുന്നു മണി തിരുവനന്തപുരത്ത് പറഞ്ഞത്. പാര്‍ട്ടി നടത്തിയ കൊലപാതകങ്ങള്‍ വണ്‍, ടു, ത്രീ… അക്കമിട്ട് പറഞ്ഞ മണിവിവാദങ്ങളിലും കേസിലും പെട്ടത് കഴിഞ്ഞ വര്‍ഷമായിരുന്നു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ പരാതി നല്കിയതാണ് മണിയാശാനെ ചൊടിപ്പിച്ചത്. ചെറുതോണിയില്‍ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലായിരുന്നു മണിയുടെ പ്രസംഗം. വനിതാ പ്രിന്‍സിപ്പളിന് എന്തിന്റേയോ സൂക്കേടാണെന്ന പരാമര്‍ശമാണ് വിവാദമായത്. എസ് ഐക്കും പൊലീസിനുമെതിരെ തന്തക്കുപിറക്കാത്ത പണി ചെയ്യുന്നവര്‍ എന്നുവിശേഷിപ്പിച്ചെങ്കിലും പൊലീസിനോട് ഖേദമില്ലെന്ന് മണി വ്യക്തമാക്കി.
ജെ എന്‍ യു വിഷയത്തില്‍ പൈനാവിലെ പോളിടെക്‌നിക്കില്‍ എസ് എഫ് ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ചെറുതോണിയിലെ യോഗം.
