വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിലെ കാലതാമസം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി എം പി

 നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുന്നതിലെ അസ്വാഭാവികത വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി വിമാനത്താവള ഉപദേശക സമിതി അധ്യക്ഷന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി.  വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടും വിമാന സര്‍വീസ് പുനരാരംഭിക്കാത്തതില്‍ ഗൗരവമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്.  ഇക്കാര്യം ഇന്നലെ നടന്ന ചര്‍ച്ചയില്‍ വ്യോമയാന സെക്രട്ടറി രാജീവ് നയാന്‍ ചൗബേയുടെ ശ്രദ്ധയില്‍ പെടുത്തി.  അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ഹജ് എംബാര്‍ക്കേഷന്‍ സെന്റര്‍ കരിപ്പൂരില്‍ പുനസ്ഥാപിക്കുന്നതും വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.  എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക തീരുമാനം വൈകുകയാണ്.  ഈ വിഷയവുമായി ഗൗരവമായി പരിഗണിക്കമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി എം പി അറിയിച്ചു.
വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയതാണെന്നും, പ്രശ്‌നങ്ങള്‍ എല്ലാം ഉടന്‍ പരിഹരിച്ച് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും സെക്രട്ടറി ഉറപ്പു നല്‍കിയതായി എം പി പറഞ്ഞു.  ഹജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കുന്നത് സംബന്ധിച്ചും ഉടന്‍ തീരുമാനമുണ്ടാകുമെന്ന് രാജീവ് നയാന്‍ ചൗബേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *