അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്കു ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. നിരവധി പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ദസറയുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നതു കണ്ടുകൊണ്ടു പാളത്തില്‍ കൂട്ടംകൂടി നിന്നവര്ക്കിടയിലേക്കാണു ട്രെയിന്‍ പാഞ്ഞുകയറിയത്. റെയില്‍വേ ട്രാക്കിനു സമീപമായിരുന്നു രാവണന്റെ കോലം കത്തിച്ചത്. പടക്കംപൊട്ടുന്ന ശബ്ദം കാരണം ട്രെയിന്‍ വന്നത് ആര്‍ക്കും അറിയാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച വൈകുന്നേരം 6.45ന് അമൃത്സറിനടുത്ത് ജോദ ഫടക്കിലായിരുന്നു അപകടം. ജലന്ധറില്‍നിന്ന് അമൃത്സറിലേക്കു പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. രാവണദഹനം കാണാന്‍ ഏഴുന്നുറോളം പേരാണു സ്ഥലത്തുണ്ടായിരുന്നത്.
