കൊച്ചി: ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തെ നടപ്പന്തല്‍ വരെയെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വസതി അടിച്ച് തകര്‍ത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം മൂന്ന് ദിവസം പിന്നിടുമ്ബോഴും അക്രമികള്‍ കാണാമറയത്ത്. രഹ്ന താമസിക്കുന്ന പനമ്ബള്ളി നഗറിലെ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സിന് സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളിലൊന്നും അക്രമികളെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് ഈ പരിസരത്തെ കൂടുതല്‍ സി.സി.ടി.വി കാമറകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. വീടാക്രമണത്തിന് പിന്നില്‍ രണ്ടംഗ സംഘമാണെന്നാണ് വിവരം. ബൈക്കിലെത്തിയ ഹെല്‍മറ്റ് ധാരികളായ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സമീപവാസികളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുള്ളത്.അതേസമയം, ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പൂട്ടിക്കിടന്ന വീടിന്റെ സിറ്റൗട്ടിലെ ജനാല ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ വരാന്തയിലുണ്ടായിരുന്ന കസേര, വ്യായാമത്തിനുള്ള സൈക്കിള്‍, പാചകവാതക സിലിണ്ടര്‍ എന്നിവ പുറത്തെടുത്ത് എറിയുകയായിരുന്നു. എറണാകുളം ബോട്ടുജെട്ടി ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററിലെ ജീവനക്കാരിയായ രഹ്ന വെള്ളിയാഴ്ച രാവിലെയാണ് ശബരിമല കയറിയത്.
