പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കു മറുപടിയുമായി പന്തളം രാജകുടുംബം. ക്ഷേത്രം ഭക്തരുടേതാണെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ പറഞ്ഞു. കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുന്പോള്‍ മാറുന്നതല്ല. മേല്‍ക്കോയ്മ അധികാരമാണ് ദേവസ്വംബോര്ഡിനുള്ളതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ചെയ്യേണ്ടവര്‍ ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാത്തതുമൂലമാണ് കൊട്ടാരം രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 1949ലെ കവനന്റിലെ ആചാരങ്ങള്‍ പാലിക്കപ്പെടണമെന്നാണ് കൊട്ടാരത്തിന്റെ ആവശ്യം. ക്ഷേത്രത്തിലെ ആചാരങ്ങള്‍ അതേപടി നടപ്പാക്കുന്നില്ല. അതുകൊണ്ടാണ് കവനന്റ് നടപ്പാക്കാന്‍ ആവശ്യപ്പെട്ടത്. ദേവസ്വംബോര്‍ഡിന് അധികാരം ലഭിച്ചത് കവനന്റിലാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം ആരുടേതെന്ന് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ല. ശബരിമലയെ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നതുകൊണ്ടാണ് രാജകുടുംബം പ്രതികരിക്കുന്നത്. രാജകുടുംബത്തെ അധിക്ഷേപിക്കുന്ന നിലപാടാണ് നേതാക്കന്മാരുടേത്. തങ്ങള്‍ മന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും രാജാവില്ലാത്തിടത്ത് എന്തിനാണ് മന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.
ഏതാനും മാസത്തേക്കും ഏതാനും വര്‍ഷത്തേക്കും വന്ന് ഭരണം നടത്തുന്നവരുടെ ബന്ധമല്ല കൊട്ടാരത്തിന്റേത്. ആചാരങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ശബരിമലയിലെ വരുമാനത്തില്‍ കണ്ണുനട്ടിരിക്കുന്നവരല്ല കൊട്ടാരം പ്രതിനിധികള്‍. ആരോ വരുമാനത്തിനായി കണ്ണുനട്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭക്തര്‍ ആരും ശബരിമലയില്‍ എത്തിയിട്ടില്ല. ആറ് യുവതികള്‍ മാത്രമാണ് എത്തിയത്. ഇവര്‍ ഭക്തമാര് അല്ല. ഇവര്‍ ഭക്തമാരെ മോശപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്. ആരോ എഴുതിയ തിരക്കഥ പോലെയാണ് ഇവര്‍ ശബരിമലയില്‍ എത്തിയതെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
