റിയാദ്: മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയായി സൗദിയിലെ വിനോദ സഞ്ചാര മേഖലകളിലെ സ്വദേശിവല്‍ക്കരണം. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ സൗദി സ്വദേശിവല്‍ക്കരണനയം നടപ്പാക്കി വരുകയാണ്. ഇതിന്റെ ഭാഗമായാണ് ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന ട്രാവല്‍, ടൂറിസം മേഖലകളിലും സൗദി നോട്ടമിട്ടിരിക്കുന്നത്. നിലവില്‍ 28 ശതമാനമാണ് സ്വദേശിവല്‍ക്കരണം നിശ്ചയിച്ചിരിക്കുന്നത്. അത് പടിപടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും ടൂറിസം, ദേശീയ പൈതൃക വകുപ്പും തമ്മിലുള്ള സഹകരണത്തോടെയാണ് സൗദിവല്‍ക്കരണം ശക്തിപ്പെടുത്തുന്നത്. ഇതിലൂടെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളും പരിശീലനവും ഉറപ്പാക്കും. ചെറുകിട നിക്ഷേപകരാക്കി സൗദി യുവതീ യുവാക്കളെ മാറ്റിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സ്വദേശിവല്‍ക്കരണത്തിന് ശേഷം ആ തൊഴിലുകളില്‍ വിദേശികള്‍ ജോലി ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള പരിശോധന ശക്തമാക്കാനും സൗദി മന്ത്രാലയം തീരുമാനിച്ചു. ഇതോടെ മലയളികള്‍ അടക്കമുള്ള തൊഴിലളികള്‍ക്ക് ജോലി നഷ്ടമാവാനുള്ള സാധ്യതയും ഏറും.
