തിരുവനന്തപുരം: ധര്‍മ്മടം മണ്ഡലത്തില്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ജലസംഭരണികളെ വീണ്ടെടുക്കല്‍ അടക്കമുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തുക. ഇതോടെ സംസ്ഥാനത്ത് ജല സ്രോതസുകളെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ജലസ്രോതസുകളുടെ നവീകരണവും സംരക്ഷണവും സര്‍ക്കാറിന്റെ പ്രധാന പരിഗണനാ വിഷയങ്ങളില്‍ ഒന്നാണ്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ജലസംഭരണികളെ വീണ്ടെടുക്കല്‍ അടക്കമുള്ള പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കേരളം മിഷന്‍ എന്ന പ്രത്യേക ജനകീയ ദൗത്യവും സര്‍ക്കാര്‍ നടപ്പാക്കി വരുന്നു.
ധര്‍മ്മടം മണ്ഡലത്തിലും ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ ഒരു ഭാഗം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്. മൂന്ന് കോടിയോളം ചെലവഴിച്ച് എട്ട് കുളങ്ങളുടെ നവീകരണമാണ് എം എല്‍ എ ഫണ്ടിന്റെ ഭാഗമായി നടക്കുന്നത്. ഇതില്‍ പെരളശ്ശേരി, മുഴപ്പിലങ്ങാട് കുളം ബസാര്‍, വേങ്ങാട് കുളങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആര്‍ ഐ ഡി എഫ് പദ്ധതിയിലൂടെ മൂന്ന് കുളങ്ങള്‍ നവീകരിക്കാനായിരുന്നു തീരുമാനം – ഇതില്‍ വൈരിഘാതക ക്ഷേത്രക്കുളം, മേലൂര്‍ ക്ഷേത്രക്കുളം എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കി. രണ്ട് കോടി രൂപ ചെലവഴിച്ച് തോട് നവീകരണ പ്രവര്‍ത്തികള്‍ക്കുള്ള പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഭൂരിഭാഗം ജലസ്രോതസുകളും സംരക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള 16 കോടി രൂപയുടെ വിപുലമായ ഒരു പദ്ധതിക്ക് നബാര്‍ഡിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് ജല സ്രോതസുകളെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ.
