കോഴിക്കോട്: ശബരിമല നടയടക്കല്‍ വിവാദത്തില്‍ മലക്കംമറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്ന് ശ്രീധരന് പിള്ള പറഞ്ഞു. കണ്ഠരര് രാജീവരുടെ പേര് താന്‍ പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
തുലാമാസ പൂജ സമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നെന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന് പിള്ള പറഞ്ഞത്. ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും തന്റെ ഉറപ്പിന്മേലാണ് സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും ശ്രീധരന് പിളള പറഞ്ഞിരുന്നു.
